കോഴിക്കോട്:
വടകരയിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വടകരയില്‍ കെകെ രമയെ പിന്തുണയ്ക്കുന്നതില്‍ യുഡിഎഫിന് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ജീവിതം ബലിയര്‍പ്പിച്ച ധീര സഖാവാണ് ടിപി ചന്ദ്രശേഖരന്‍. അദ്ദേഹത്തെപ്പോലെ നിരവധിപേരെയാണ് മാര്‍ക്‌സിസ്റ്റുകള്‍ ഇല്ലാതാക്കിയത്. ഇരകളുടെ മരിക്കാത്ത ഓര്‍മ്മകളുമായി ജീവിക്കുന്ന അനേകരുടെ പ്രതീകമാണ് കെകെ രമ. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് കെകെ രമയും നിലകൊള്ളുന്നത്’, ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലെഴുതി.
രമയ്ക്ക് നേരെ ഫാസിസ്റ്റുകള്‍ നടത്തിയ വ്യക്തിഹത്യകളെ അന്‍പത്തി രണ്ടാമത്തെ വെട്ടായി മാത്രമേ കേരളം കാണുന്നുള്ളുവെന്നും രമയുടെ ശബ്ദം കേരളനിയമസഭയില്‍ മുഴങ്ങാന്‍ എല്ലാവരുടെയും പിന്തുണയുമുണ്ടാക്കുമെന്ന് തനിക്കുറപ്പാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പിന്തുണയോടെയാണ് കെകെ രമ വടകരയില്‍ മത്സരിക്കുന്നത്.
നേരത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെകെ രമ പാര്‍ട്ടിയെ അറിയിച്ചിരുന്നു. ഇതോടെ വടകര നിയോജക മണ്ഡലത്തില്‍ കെകെ രമ സ്ഥാനാര്‍ത്ഥിയാകില്ലെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കെകെ രമ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ കെകെ രമ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ പിന്തുണക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.