Fri. Nov 22nd, 2024
ചെന്നൈ:

തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിൻ്റെ പരിശോധന. തിരുപ്പൂരിലെ ധരാപുരം നിയോജകമണ്ഡലത്തിലെ ഡിഎംകെ, എംഡിഎംകെ എംഎന്‍എം തുടങ്ങിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടെയും വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.

വൈകീട്ട് 4.30 മുതലാണ് പരിശോധന ആരംഭിച്ചത്. ബിജെപിയാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. ബിജെപിയുടെ തമിഴ്‌നാട് അധ്യക്ഷന്‍ എല്‍ മുരുകനാണ് ധാരാപുരത്തെ സ്ഥാനാര്‍ത്ഥി. ഡിഎംകെയുടെ ധരംപുരം ടൗണ്‍ സെക്രട്ടറി കെഎസ് ധനശേഖര്‍, എംഡിഎംകെയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയും വ്യവസായിയുമായ കവിന്‍ നാഗരാജ് എന്നിവരുടെയും വീടുകളിലും പരിശോധന നടക്കുന്നുണ്ട്.

കമല്‍ഹാസന്റെ എംഎന്‍എം പാര്‍ട്ടി ട്രഷററുടെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അതേസമയം, വോട്ടെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളില്‍ നിന്നും പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 331 കോടി രൂപ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഇതില്‍ 127.64 കോടി രൂപയും പിടിച്ചെടുത്തിരിക്കുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കള്ളപ്പണം തടയുന്നതിനുള്ള നിരീക്ഷണത്തിനായി 295 നിരീക്ഷകരെ
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചിട്ടുണ്ട്.

By Divya