Mon. Dec 23rd, 2024
സൗദി:

സൗദിയിൽ വ്യോമയാന മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു. പദ്ധതി മുഖേന പതിനായിരം സ്വദേശികൾക്ക് ജോലി കണ്ടെത്തും. വിവിധ മന്ത്രാലയങ്ങൾ തമ്മില്‍ സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
വ്യോമയാന മേഖലയില്‍ അടുത്ത രണ്ട് വര്‍ഷത്തിനകം പതിനായിരം സ്വദേശികള്‍ക്ക് ജോലി കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുക.

ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മാനവ വിഭവശേഷി വികസന മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി. പൈലറ്റ്, സഹപൈലറ്റ്, എയര്‍ട്രാഫിക് കണ്‍ട്രോളര്‍, റണ്‍വെ, ഗ്രൗണ്ട് കോര്‍ഡിനേറ്റര്‍, മെയിന്റനന്‍സ് ടെക്നീഷ്യന്‍, എയര്‍ക്രാഫ്റ്റ്‌ തുടങ്ങിയ തസ്തികകളിലാണ് സ്വദേശിവത്കരണം നടപ്പില്‍ വരുത്തുക.

ഇതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ എല്ലാ വിമാന കമ്പനികള്‍ക്കും വിമാനത്താവള സേവനദാതാക്കള്‍ക്കും നിര്‍ദേശം നല്‍കി. പദ്ധതി പൂര്‍ത്തീകരണത്തിനും നടപടികളുടെ നിരീക്ഷണത്തിനുമായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

By Divya