തിരുവനന്തപുരം:
ചെങ്ങന്നൂർ സീറ്റിൽ സിപിഎം – ബിജെപി കച്ചവടമെന്ന ആരോപണം ഉയർത്തി പ്രചാരണത്തിലെ ആദ്യ വിവാദത്തിന് ബിജെപിയുടെ ദേശീയ പ്രമുഖനായ ആർ ബാലശങ്കർ തുടക്കമിട്ടു. ഇതുവരെ ബിജെപിയുമായി വോട്ടു കച്ചവടം എന്ന ആരോപണം യുഡിഎഫും എൽഡിഎഫും പരസ്പരം ഉയർത്തി വന്നതാണെങ്കിൽ അതു നടക്കുന്നു എന്നു സ്വന്തം നേതാവ് സ്ഥിരീകരിച്ചതു ബിജെപിയെ വൻ പ്രതിസന്ധിയിലാക്കി.
ബിജെപി നേതാവ് വെളിപ്പെടുത്തിയതു മുതലാക്കാൻ യുഡിഎഫ് നേതൃത്വം തിരക്കിട്ട് ഇറങ്ങി. തുടർഭരണത്തിനു വേണ്ടിയുള്ള ഒത്തുകളിയെന്ന് ഉമ്മൻചാണ്ടിയും കേരളം മുഴുവൻ ധാരണ എന്നു മുല്ലപ്പള്ളി രാമചന്ദ്രനും തുറന്നടിച്ചു. അപകടം മണത്ത മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ വാർത്താസമ്മേളനം വിളിച്ചു ബിജെപിക്കും കോൺഗ്രസിനും എതിരെ തിരിഞ്ഞു. 2016ലെ നേമം ഒത്തുകളിക്ക് ആദ്യം രണ്ടു പാർട്ടികളും മറുപടി പറയണമെന്നു പിണറായി ആവശ്യപ്പെട്ടു.
ചില മണ്ഡലങ്ങളിൽ ബിജെപിക്കെതിരെ ദുർബല സ്ഥാനാർഥിയെ നിർത്തി ഒത്തുകളിക്കുന്നു എന്ന ആക്ഷേപം യുഡിഎഫും എൽഡിഎഫും ഉന്നയിക്കുന്നതിനിടയിലാണ് ബിജെപിക്കുള്ളിൽനിന്നുതന്നെ അതു സ്ഥിരീകരിക്കുന്ന പ്രതികരണം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം അവകാശപ്പെടാവുന്ന മലയാളിയാണ് ആർ ബാലശങ്കർ. ബിജെപിയുടെ ബൗദ്ധിക വിഭാഗത്തിലെ പ്രധാനി. ഒരിക്കൽ കേരളത്തിലെ ബിജെപി പ്രസിഡന്റാകും എന്നു കരുതപ്പെട്ടിരുന്ന നേതാവ്.