Fri. Apr 26th, 2024
ന്യൂഡൽഹി:

കേരളത്തിൽ ബിജെപി- സിപിഎം ഒത്തുകളിയെന്ന ആർഎസ്എസ് നേതാവ് ആർ ബാലശങ്കറിന്‍റെ പ്രസ്താവന വൈകാരിക പ്രകടനം മാത്രമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. സീറ്റ് കയ്യിൽ നിന്ന് എടുത്ത് കൊടുക്കുന്നതല്ല. സീറ്റ് കിട്ടാതായപ്പോഴുള്ള പ്രതികരണം മാത്രമാണ് ബാലശങ്കറിന്‍റേതെന്നും അതിനപ്പുറം പ്രാധാന്യം ആരോപണത്തിന് നല്‍കേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കഴക്കൂട്ടത്ത് ശോഭ യോജിച്ച സ്ഥാനാര്‍ത്ഥിയാണെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് അവരെ തിരഞ്ഞെടുത്തത്. ശോഭയുമായി സംസാരിച്ചിരുന്നതായും പ്രചാരണത്തില്‍ സജീവമായി ഉണ്ടാകുമെന്നും മുരളീധരന്‍ അറിയിച്ചു.

ചെങ്ങന്നൂരിലും ആറന്മുളയിലും ബിജെപി തോറ്റുകൊടുത്താൽ കോന്നിയിൽ കെ സുരേന്ദ്രനെ വിജയിപ്പിക്കാമെന്നാണ് സിപിഎമ്മുമായുള്ള ഫോര്‍മുല എന്നായിരുന്നു ബാലശങ്കറിന്‍റെ വെളിപ്പെടുത്തല്‍. ചെങ്ങന്നൂരിൽ പ്രചാരണം തുടങ്ങിയ തന്നെ വെട്ടിയത് ആ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണെന്നും ബാലശങ്കര്‍ ആരോപിച്ചിരുന്നു. വസ്തുതയല്ലാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് ആര്‍ ബാലശങ്കർ ഇന്നും ആവര്‍ത്തിച്ചു.

By Divya