Tue. Nov 5th, 2024
കൊല്‍ക്കത്ത:

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ നടത്തിയ റാലിയില്‍ കല്ലേറ്. അക്രമത്തെ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. ചില സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. കല്ലെറിഞ്ഞ ആറുപേരെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് അറിയിച്ചു. ചെറിയ രീതിയില്‍ മാത്രമാണ് ലാത്തിചാര്‍ജ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

ബിജെപി പ്രവര്‍ത്തകര്‍ അക്രമത്തിന് തുനിയാന്‍ സാധ്യതയില്ലെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും ബിജെപി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. കഴിഞ്ഞ ദിവസം മുതലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് ഓഫിസിന് മുന്നില്‍ എത്തിയത്. മുതിര്‍ന്ന നേതാക്കളായ മുകുള്‍ റോയ്, അര്‍ജുന്‍ സിംഗ് എന്നിവരെ ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, അമിത് ഷാ എന്നിവര്‍ പ്രചാരണത്തിന് എത്താനിരിക്കെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

സിംഗൂര്‍, ചിന്‍സുര എന്നിവിടങ്ങളിലും പ്രതിഷേധമുണ്ടായിരുന്നു. പ്രാദേശികമായി ശക്തരായ നേതാക്കളെ തഴഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധം. വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും ഭീഷണിയുയർന്നു.

By Divya