Mon. Dec 23rd, 2024
ബംഗാൾ:

‘‘സൗരവ് ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ബിജെപി ഉദ്ദേശിച്ചിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന് ഉപദേശിച്ചു തിരുത്തിയത് ഞാനാണ്’’– വടക്കൻ ബംഗാളിലെ സിപിഎമ്മിൻ്റെ കരുത്തനായ നേതാവ് അശോക് ഭട്ടാചാര്യ പറയുന്നതു സത്യമാണെങ്കിൽ അതൊരു അദ്ഭുതമാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ സിപിഎം നേതാവ് പിന്തിരിപ്പിക്കുക! അതും സൗരവ് ഗാംഗുലിയെപ്പോലൊരാളെ.

‘‘ഞാനും സൗരവും തമ്മിൽ ഏറെക്കാലമായി ബന്ധമുണ്ട്. ഇന്നലെയും സൗരവ് വാട്സാപ് സന്ദേശം അയച്ചിരുന്നു, പ്രചാരണം എങ്ങനെയെന്ന് അന്വേഷിച്ചു’’ – ക്രിക്കറ്റ് ആരാധകരുടെ ദാദയെപ്പറ്റി പാർട്ടിക്കാരുടെ അശോക്ദാ പറയുകയാണ്. ‘‘സൗരവിന്റെ കാര്യത്തിൽ ബിജെപി നേതാക്കൾക്ക് എന്നോടു വലിയ ദേഷ്യമുണ്ട്. രാഷ്ട്രീയ പ്രവേശത്തെപ്പറ്റി സൗരവ് എന്നോട് ഉപദേശം ചോദിച്ചു. രാഷ്ട്രീയം വേണ്ടെന്നു ഞാൻ പറഞ്ഞു. അതിന് എന്നോട് എന്തിനാണു ബിജെപിക്കു ദേഷ്യം? തീരുമാനം എന്റെയല്ലല്ലോ, സൗരവ് ഗാംഗുലിയുടേതല്ലേ?’’ – അശോക് ഭട്ടാചാര്യ നിഷ്കളങ്കമായി ചിരിച്ചു.

സൗരവ് ഗാംഗുലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊൽക്കത്ത റാലിയിൽ പങ്കെടുക്കുമെന്നും ബിജെപിയിൽ ചേരുമെന്നും നേരത്തെ വാർത്ത പരന്നിരുന്നു. പക്ഷേ, അദ്ദേഹം റാലിയിൽ പങ്കെടുത്തില്ല. രാഷ്ട്രീയത്തിൽ ഇപ്പോൾ താൽപര്യമില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത്.

ആ പിൻമാറ്റത്തെപ്പറ്റിയാണ് അശോക്ദാ പറയുന്നത്. ‘‘ബിജെപിക്കു നല്ല നേതാക്കളോ സ്ഥാനാർഥികളോ ഇല്ല. മറ്റു പാർട്ടികളിൽ നിന്ന് ആളുകളെ കടത്തിക്കൊണ്ടു പോകുകയാണ് അവർ.’’

By Divya