Wed. Nov 6th, 2024
ഇടുക്കി:

ഇത്തവണയും ഇടുക്കിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിഡിജെഎസ്. ഇടുക്കി, ഉടുമ്പന്‍ചോല സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ജില്ലയില്‍ മൂന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ സന്നിധ്യം സംസ്ഥാനത്ത് ആകമാനം യുഡിഎഫിന് തിരിച്ചടി ഉണ്ടാക്കിയെങ്കിലും ഇടുക്കില്‍ സ്ഥിതി മറിച്ചായിരുന്നു. ബിഡിജെഎസ് മത്സരിച്ച തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെ വോട്ടുകള്‍ ഭിന്നിച്ചു.

തൊടുപുഴയില്‍ ആയിരത്തില്‍പരം വോട്ടുകള്‍ക്കാണ് ബിഡിജെഎസിന് രണ്ടാം സ്ഥാനം നഷ്ടമായത്. ഇടുക്കി നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിന് വിലങ്ങുതടിയായത് ബിഡിജെഎസ് പിടിച്ച ഇരുപത്തിയേഴായിരം വോട്ടാണ്. ഉടുമ്പന്‍ചോലയില്‍ എംഎം മാണിയുടെ ഭൂരിപക്ഷം ആയിരത്തിലേക്ക് ചുരുക്കിയത് ബിഡിജെഎസ് നേടിയ വോട്ടുകള്‍ തന്നെയാണ്. ഇക്കുറിയും പ്രതീക്ഷയിലാണ് ബിഡിജെഎസ്.

ഇത്തവണ രണ്ടു സീറ്റില്‍ മാത്രമാണ് ബിഡിജെഎസ് ഇടുക്കിയില്‍ മത്സരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വേണ്ട നേട്ടമുണ്ടാക്കുന്നതിനും സാധിച്ചില്ല. ഉടുമ്പന്‍ചോല സീറ്റുമായി ബന്ധപ്പെട്ട് ചില അവ്യക്തതകള്‍ ഉണ്ടായെങ്കിലും പരിഹരിക്കപ്പെട്ടു. ഇടുക്കിയില്‍ ബിഡിജെഎസിലൂടെ നേട്ടമുണ്ടാക്കാം എന്നാണ് ബിജെപിയുടെ പ്രതീക്ഷ.

By Divya