Mon. Dec 23rd, 2024
കൊല്‍ക്കത്ത:

കൊല്‍ക്കത്തയിലെ റാലി റദ്ദായിപ്പോയതിൻ്റെ ചൊരുക്കാണ് അമിത് ഷായ്‌ക്കെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിൻ്റെ കാര്യം നോക്കുന്നതിന് പകരം അമിത് ഷാ കൊല്‍ക്കത്തയില്‍ ഇരുന്നു ടിഎംസി നേതാക്കളെ ഉപദ്രവിക്കാനുള്ള ഗൂഢാലോചന നടത്തുന്നുകയാണെന്നും മമത പറഞ്ഞു.

” അവര്‍ക്ക് എന്താണ് വേണ്ടത്? എന്നെ കൊല്ലാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നെ കൊന്നുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അവര്‍ കരുതുന്നുണ്ടോ? ” മമത പറഞ്ഞു. തനിക്ക് നേരെ ആക്രമണം നടന്നെന്ന മമതയുടെ വാദം തെറ്റാണെന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷനെയും മമത വിമര്‍ശിച്ചു.

അമിത് ഷായാണോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്? അദ്ദേഹം ഇസിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. അവരുടെ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിച്ചു?,” മമത ചോദിച്ചു. മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്.

ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍, നന്ദിഗ്രാമില്‍വെച്ച് ആക്രമിക്കപ്പെട്ടെന്ന മമത ബാനര്‍ജിയുടെ വാദം തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തുകയും മമത ബാനര്‍ജിക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്ന് പറയുകയും ചെയ്തു. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കൊപ്പം നിന്ന് കളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു.

By Divya