Mon. Dec 23rd, 2024
ന്യൂഡൽഹി:

പൗരത്വ പ്രക്ഷോഭം മറയാക്കി ഡൽഹിയിൽ കലാപം നടത്തിയെന്ന കുറ്റംചുമത്തി ജാമിഅ മില്ലിയ്യ വിദ്യാർത്ഥിയായ സഫൂറ സർഗാറിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടി അന്താരാഷ്ട്ര മനുഷ്യാവകാശ കരാറിന്‍റെ ലംഘനമാണെന്ന് അന്യായ തടങ്കലിനെതിരായ ഐക്യരാഷ്ട്രസഭ സമിതി. അന്താരാഷ്ട്ര ഉടമ്പടിയിൽ ഇന്ത്യയും അംഗമാണ്. സഫൂറ സർഗാറിനെ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.

അന്താരാഷ്ട്ര നിയമമനുസരിച്ചുള്ള നഷ്ടപരിഹാരം നരേന്ദ്ര മോദി സർക്കാർ സഫൂറക്ക് നൽകണമെന്നും സമിതി പ്രസ്താവിച്ചു. സഫൂറയുടെ രാഷ്ട്രീയ വീക്ഷണങ്ങളും വിശ്വാസവുമാണ് അറസ്റ്റിന് മുഖ്യ കാരണമായത്. കേസിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തണം.

സഫൂറയുടെ അവകാശങ്ങൾ ലംഘിക്കപ്പെടാൻ കാരണമായവർക്കെതിരെ നടപടിയെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറിൽ ചേർന്ന സമിതിയുടെ 89ാം സെഷനിലാണ് സഫൂറയുടെ അറസ്റ്റ് സംബന്ധിച്ച പ്രസ്താവന. മാർച്ച് 11നാണ് ഇത് പുറത്തുവിട്ടത്.

പൗരത്വ പ്രക്ഷോഭം മറയാക്കി ഡൽഹിയിൽ കലാപം നടത്തിയെന്ന കുറ്റം ചാർത്തിയാണ് 2020 ഏപ്രിൽ 10ന് സഫൂറയെ പിടികൂടുന്നത്. കൊലപാതകം, ഭീകരവാദം, വധശ്രമം എന്നിവ ഉൾപ്പെടെ 34 ഗുരുതര ക്രിമിനൽ കേസുകളാണ് ഇവർക്കെതിരെയുള്ളത്.

By Divya