മുംബൈ:
രാജ്യത്തെ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ മുംബൈ പൊലീസ് ഓഫീസർ സച്ചിൻ വാസെ അറസ്റ്റിൽ. ഞായറാഴ്ച രാവിലെ 11 മണിയോടെ കസ്റ്റഡിയിലെടുത്ത ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നീണ്ട 12 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമാണ് അർധരാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ കാർ അംബാനിയുടെ വീടിനുസമീപം സ്ഥാപിക്കാനുള്ള ഗൂഢാലോചനയിൽ പങ്ക് ആരോപിച്ചാണ് അറസ്റ്റ്.
എൻഐഎ ഇൻസ്പെക്ടർ ജനറൽ അനിൽ ശുക്ലയുടെ നേതൃത്വത്തിലുള്ള സംഘം എൻഐഎ മുംബൈ ഓഫീസിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. അംബാനിയുടെ വീടിനുസമീപം സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവം ആദ്യം അന്വേഷിച്ചിരുന്നത് സച്ചിൻ വാസെയാണ്. പിന്നീടാണ് കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിനും ശേഷം എൻഐഎക്കും കൈമാറുന്നത്.
മുൻകൂർ ജാമ്യം ലഭിക്കാൻ വാസെ ശനിയാഴ്ച ശ്രമം നടത്തിയിരുന്നുവെങ്കിലും കോടതി അനുവദിച്ചില്ല.