ന്യൂദല്‍ഹി:
ഗ്രെറ്റ ടൂള്‍കിറ്റ് കേസില്‍ തന്നെ അറസ്റ്റ് ചെയ്തതിനെ കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ചും തുറന്നുപറഞ്ഞ് യുവ പരിസ്ഥിതി ദിഷ രവി. ഫെബ്രുവരി 13നായിരുന്നു ഗ്രെറ്റ ടൂള്‍കിറ്റ് കേസില്‍ ദിഷയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് ദിവസത്തിന് ശേഷം ദിഷക്കെതിരെ തെളിവുകളിലില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദല്‍ഹി കോടതി വിട്ടയക്കുകയായിരുന്നു.
ദിഷ രവിയുടെ അറസ്റ്റ് അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയരാന്‍ ഇടയാക്കിയിരുന്നു. ഇപ്പോള്‍ അറസ്റ്റിനെ കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ചും തൻ്റെ പ്രതികരണം പങ്കുവെക്കുകയാണ് ദിഷ. ട്വിറ്ററിലൂടെയായിരുന്നു ദിഷ പ്രസ്താവന പുറത്തുവിട്ടത്.
റേറ്റിങ്ങാനായി ആര്‍ത്തിപൂണ്ട് നടക്കുന്ന ചാനലുകളാണ് തന്നെ കുറ്റവാളിയായി പ്രഖ്യാപിച്ചതെന്നും തൻ്റെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതുപോലെയാണ് ആ സമയത്ത് തോന്നിയതെന്നും ദിഷ പറയുന്നു. സംഭവങ്ങളെ കുറിച്ചുള്ള സ്വന്തം അഭിപ്രായമാണ് പങ്കുവെക്കുന്നതെന്നും ഇതിന് ഏതെങ്കിലും ഗ്രൂപ്പുകളുമായി ബന്ധമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ദിഷ പ്രസ്താവന പങ്കുവെച്ചിരിക്കുന്നത്.
‘അന്ന് നടന്ന സംഭവങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ചില്ലെന്ന് എന്നെ തന്നെ പറഞ്ഞുപ്പറ്റിച്ചാണ് ഞാന്‍ ഓരോ ദിവസവും ജീവിച്ചുപോകുന്നത് – 2021 ഫെബ്രുവരി 13ന് പൊലീസ് എൻ്റെ വാതിലില്‍ മുട്ടിയില്ല, എൻ്റെ ഫോണും ലാപ്‌ടോപ്പും എടുത്തുകൊണ്ടു പോയില്ല, അറസ്റ്റ് ചെയ്തില്ല- അങ്ങനെ വിശ്വസിച്ചാലേ എനിക്ക് ജീവിക്കാന്‍ പറ്റുള്ളൂയെന്ന് തോന്നുന്നു,’ ദിഷ പറയുന്നു.
ആദ്യ വാദം കേള്‍ക്കുമ്പോള്‍ തനിക്ക് അഭിഭാഷകനെ അനുവദിച്ചിരുന്നില്ലെന്നും എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുന്‍പേ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് വിടുകയായിരുന്നുവെന്നും ദിഷ പറയുന്നു.
തന്നെ കുറിച്ച് വ്യാജവാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് ദിഷ പ്രതികരിച്ചത്. ‘അറസ്റ്റിന് ശേഷമുള്ള ദിവസങ്ങളില്‍ എന്റെ വ്യക്തിസ്വാതന്ത്ര്യം ആക്രമിക്കപ്പെടുകയായിരുന്നു. എൻ്റെ ചിത്രങ്ങള്‍ വാര്‍ത്തളില്‍ നിറഞ്ഞു, എന്നെ കുറ്റക്കാരിയായി വിധിച്ചത് കോടതി മുറികളല്ലായിരുന്നു, ടിആര്‍പി റേറ്റിങ്ങിനായി ആര്‍ത്തിപൂണ്ട് നടക്കുന്ന ചാനലുകളായിരുന്നു.
അവരുടെ സങ്കല്‍പത്തിലുള്ള എന്നെ വാര്‍ത്തെടുത്ത് അവതരിപ്പിക്കുന്നതിന് വേണ്ടി എന്നെ കുറിച്ച് പറഞ്ഞുപരത്തുന്ന കാര്യങ്ങളറിയാതെ ഞാന്‍ അവിടെ ഇരുന്നു,’ ദിഷ പറഞ്ഞു. ലോകത്തിൻ്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് കുറ്റകൃത്യമാകുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്നും ദിഷ രവി പറഞ്ഞു.
പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയറിച്ച ദിഷ നീതി ലഭിക്കാതെ ജയിലുകളില്‍ കഴിയുന്നവരെ കുറിച്ചും പ്രസ്താവനയില്‍ പറയുന്നുണ്ട്. വില്‍ക്കാന്‍ മാത്രം വിലയില്ലാത്ത കഥകളുള്ള നിരവധി പേര്‍ ജയിലിലുണ്ടെന്നും ചാനലുകളില്‍ വരാന്‍ പോലും അവര്‍ക്ക് യോഗ്യതയുണ്ടെന്ന് നിങ്ങള്‍ കരുതാത്ത അരികുവത്കരിക്കപ്പെട്ടവരെ കുറിച്ച് താന്‍ ആശങ്കപ്പെടുന്നുവെന്നും ദിഷ പറയുന്നു.