Thu. Apr 18th, 2024
മലപ്പുറം:

തിരൂരങ്ങാടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെപിഎ മജീദിൻ്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക്  തുടക്കമായി. കഴിഞ്ഞ ദിവസം  മജീദിനെതിരെ പാണക്കാടെത്തി പ്രതിഷേധിച്ചവരിൽ പലരും സ്വീകരണ റാലിയിൽ പങ്കെടുത്തെന്നതും ശ്രദ്ധേയമാണ്. തിരൂരങ്ങാടിയുടെ  ദാറുൽഹുദാ കോളജ് സന്ദർശിച്ചാണ് മജീദ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

കോളജ് വൈസ് ചാൻസലർ ഡോ ബഹാഉദ്ദീൻ നദ്‌വി, ജനറൽ സെക്രട്ടറി യു ശാഫി ഹാജി, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുമായി മജീദ് കൂടിക്കാഴ്ച നടത്തി.  ചെറുശ്ശേരി സൈനുദ്ദീൻ മുസ്ല്യാരുടെയും  യു ബാപ്പുട്ടി ഹാജിയുടെയും ഖബറുകൾ സന്ദർശിച്ച് മജീദ് പ്രാർത്ഥന നടത്തി.  അതിന് ശേഷാണ് സ്വീകരണ ജാഥയിൽ പങ്കെടുത്തത്.

മമ്പുറം പാലം മുതൽ ചെമ്മാട് വരെ തിരൂരങ്ങാടി വരെ ആയിരുന്നു കാൽനട ജാഥ. വൻ ആവേശത്തിൽ ചുമലിലേറ്റിയാണ് കെ പി എ മജീദിനെ മുസ്ലിം ലീഗ് പ്രവർത്തകർ സ്വീകരിച്ചത്. പ്ലക്കാർഡുകളും കൊടികളും കയ്യിലേന്തി മുദ്രാവാക്യം മുഴക്കി പ്രവർത്തകർ മജീദിനൊപ്പം നടന്നു.

പ്രതിഷേധിക്കുന്നവർക്ക് അതിനുള്ള അവകാശം ഉണ്ടെന്ന് മജീദ് പറഞ്ഞു. ലീഗിൻ്റെ അഭിമാന മണ്ഡലമാണ് തിരൂരങ്ങാടി. ഇവിടെ നല്ല ഭൂരിപക്ഷത്തോടെ മികച്ച വിജയം തന്നെ നേടും. ഒരു സംശയവും വേണ്ട ” അദ്ദേഹം വ്യക്തമാക്കി.

പിഎംഎ സലാമിന് പകരം കെപിഎ മജീദിനെ സ്ഥാനാർഥിയാക്കിയത് നേരത്തെ ലീഗിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനിടെ പാണക്കാട്ടെത്തി പ്രതിഷേധിച്ചവരിൽ ചിലരും സ്വീകരണ ജാഥയുടെ ഭാഗമായി. “പാർട്ടി തീരുമാനത്തോടുള്ള പ്രതികരണമായാണ് പാണക്കാട് എത്തിയത്. ഇവിടെ പങ്കെടുക്കുന്നത് പാർട്ടി പ്രവർത്തകൻ ആയാണ്. പാർട്ടി എന്ത് പറയുന്നുവോ അതാണ് അനുസരിക്കുക” അവർ പറഞ്ഞു

അതേസമയം ലീഗിലെ അഭ്യന്തര പ്രതിഷേധം ഉപയോഗപ്പെടുത്താൻ ഇടത് പക്ഷവും നീക്കം ആരംഭിച്ചു. കെപിഎ മജീദിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഒരു വിഭാഗം പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിലാണ് ഇടതിൻ്റെ പുതിയ തന്ത്രം . നിലവിലെ സ്ഥാനാർഥി അജിത് കൊളാടിക്ക് പകരം കുറേക്കൂടിലീഗ് വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്നയാളെ മത്സരിപ്പിക്കാൻ സാധിക്കുമോയെന്നാണ് സിപിഐ പരിശോധിക്കുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച നിയാസ് പുളിക്കലകത്തിനെ മത്സരിപ്പിക്കാനാണ് ശ്രമം. ഇത് സംബന്ധിച്ച ചർച്ചകൾ തുടങ്ങിയെങ്കിലും നിയാസ് പുളിക്കലകത്ത് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ സിപിഐ ജില്ല കൗൺസിൽ ചേരുന്നുണ്ട്. ഇതിൻ്റെ ഭാഗമായി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനും മുന്നണി മാറ്റി വെച്ചു.

By Divya