Mon. Dec 23rd, 2024
കോഴിക്കോട്:

രണ്ടായിരത്തോളം കോടി രൂപയുടെ ജലസേചന–ടൂറിസം പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്ന കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനിൽ (കെഐഐഡിസി) ജലവിഭവമന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പിൻവാതിൽ നിയമനം. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തസ്തികയിലേക്കാണ് അടുപ്പക്കാരനായ, വിരമിച്ച ഉദ്യോഗസ്ഥനെ മന്ത്രി നേരിട്ടു നിയമിച്ചത്.

കെഐഐഡിസി 75–ാം ഡയറക്ടർ ബോർഡ് യോഗത്തിൽ അജൻഡയ്ക്കു പുറത്തു നിന്നുള്ള ഇനമായി അവതരിപ്പിച്ച് നിലവിലുണ്ടായിരുന്ന സിഇഒയെ അടിയന്തരമായി പുറത്താക്കി, പുതിയ ആളെ നിയമിക്കുകയായിരുന്നു. പ്രതിഷേധിച്ച മാനേജിങ് ഡയറക്ടറെ 2 ദിവസത്തിനുള്ളിൽ മാറ്റി.

കെഐഐഡിസി ഡയറക്ടർ ബോർഡ് യോഗത്തിലെ ചർച്ചയ്ക്ക് അജൻഡയ്ക്കു പുറത്തുനിന്നുള്ള ഇനമായി മന്ത്രിയുടെ നിയമനം അംഗീകരിക്കുന്നതിന്റെ കുറിപ്പ്. ജനുവരി 18ന് ചേർന്ന ബോ‍ർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ ചെയർമാൻ കൂടിയായ മന്ത്രി കെ.കൃഷ്ണൻകുട്ടി, ഡയറക്ടർമാരായ ടികെ ജോസ്, അലക്സ് വർഗീസ്, മാനേജിങ് ഡയറക്ടർ എൻ പ്രശാന്ത് എന്നിവരാണ് പങ്കെടുത്തത്.  ഡയറക്ടർമാരായ വെങ്കടേശപതി, ബിനു എൻ.നായർ, ഡി.ബിജു എന്നിവർ പങ്കെടുത്തില്ല.

പബ്ലിക് റിലേഷൻസ് ഓഫിസർ, ചീഫ് ഫിനാൻസ് ഓഫിസർ തുടങ്ങി തസ്തികകളിലേക്കുള്ള നിയമനം ഉൾപ്പെടെ 25 ഇനങ്ങൾ ഉണ്ടായിരുന്ന അജൻഡയിൽ പുറത്തു നിന്നുള്ള അവസാന ഇനമായാണ് സിഇഒ നിയമനം കൊണ്ടുവന്നത്. പിആർഒ, സിഎഫ്ഒ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച്, അഭിമുഖം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയാണ് ടി.സി.രാജേഷ്, വി.മഹേഷ് എന്നിവരെ നിയമിച്ചത്. എന്നാൽ സിഇഒ തസ്തികയിലേക്ക്  മന്ത്രി നിർദേശിച്ചയാൾക്ക് നേരിട്ടു നിയമനമായിരുന്നു. ശമ്പളം 65,000 രൂപ.

ഏഴു വർഷം പൂർത്തിയാക്കിയ  സിഇഒ ജയപാലൻ നായർ,  ഒഴിവാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും മറ്റൊരാളെ കണ്ടെത്തുന്നതു വരെ തസ്തികയിൽ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും അജണ്ടയിൽ പറയുന്നുണ്ട്.

By Divya