Mon. Dec 23rd, 2024
തിരുവനന്തപുരം:

കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് വിജയൻ തോമസ്  അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ്സിലെന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ്സിനു പോലും അറിയില്ലെന്നും ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസ്സില്‍നിന്ന് പുറത്തുകടന്ന് ബിജെപിയില്‍ ചേരുമെന്നും വിജയൻ തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസിന് ആശയക്കുഴപ്പമാണ്. പ്രാദേശിക പാർട്ടിയുടെ സാന്നിധ്യം പോലുമില്ല. കേരളത്തിലും കൂടുതൽ നേതാക്കൾ മറ്റു പാർട്ടികളിൽ ചേരും. ആരും തുറന്നുപറയുന്നില്ല. സീറ്റിന്റെ പേരിൽ അല്ല പാർട്ടി വിടുന്നതെന്നും വിജയൻ തോമസ് പറഞ്ഞു.

“സംസ്ഥാനങ്ങളില്‍ ആരാണ് കാര്യങ്ങള്‍ നോക്കി നടത്താനുള്ളത്. ആകെ കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് നിലവില്‍ പ്രതീക്ഷയുള്ളത്. കോണ്‍ഗ്രസ്സില്‍ നിന്നുള്ള എന്റെ വിട്ടുപോരല്‍ തുടക്കം മാത്രമാണ്.

ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് കടന്നു ബിജെപിയില്‍ ചേരും. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. മുതിർന്ന നേതാവ് പിസി ചാക്കോ കോൺഗ്രസ്സ് വിട്ടു. അദ്ദേഹം താമസിയാതെ ഇടതില്‍ ചേരും”, വിജയൻ തോമസ് പറഞ്ഞു.

സീറ്റുകിട്ടാത്തത് കൊണ്ടല്ല രാജിവെച്ചതെന്നും വിജയന്‍ തോമസ് ബിജെപിയിലേക്കുള്ള വരവിനെ കുറിച്ച് വിശദീകരിച്ചു. സിപിഎമ്മിനെതിരെയാണ് കേരളത്തിൽ കോൺഗ്രസ്സ് മത്സരിക്കുന്നതെങ്കിലും അവര്‍ ബിജെപിയെയാണ് പ്രധാന എതിരാളിയായി കാണുന്നത്. അത്ര ദയനീയമാണ് കോണ്‍ഗ്രസിലെ അവസ്ഥയെന്നും വിജയന്‍ തോമസ് പറഞ്ഞു.

By Divya