ന്യൂഡൽഹി:
നേമം നിയമസഭ സീറ്റിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. മണ്ഡലത്തിൽ മുതിർന്ന നേതാവ് ശശി തരൂർ മത്സരിക്കട്ടെ എന്നാണ് രാഹുലിന്റെ നിലപാട്. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ വീക്ക് മാഗസിനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ സംസ്ഥാന നേതാക്കൾ ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരാണ് നേമത്തേക്ക് നേരത്തെ ഉയർന്നു കേട്ടിരുന്നത്. എന്നാൽ ദേശീയ ശ്രദ്ധയുള്ള തരൂരിനെ പോലെ ഒരാൾ മത്സരത്തിനിറങ്ങുന്ന് ബിജെപിക്കെതിരെ രാജ്യത്തുടനീളം ശക്തമായ സന്ദേശം നൽകുന്നതാണ് എന്നാണ് രാഹുലിന്റെ പക്ഷം.
‘രണ്ട് കാര്യങ്ങളാണ് രാഹുൽ ലക്ഷ്യമിടുന്നത്. ഒന്ന്, തരൂരിനെ രംഗത്തിറക്കുന്നതിലൂടെ പാർട്ടിക്കുള്ളിൽ ദശാബ്ദങ്ങൾ നീണ്ട എ, ഐ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കാം. രണ്ട്, കേരള ഘടകത്തെ നേരിട്ട് രാഹുലിന്റെ നിയന്ത്രണത്തിലാക്കാം’ – ദ വീക്ക് റിപ്പോർട്ട് ചെയ്തു.