പുതുച്ചേരി:
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് 15 സീറ്റില്‍ മാത്രം മത്സരിക്കും.13 സീറ്റില്‍ ഡിഎംകെയും മത്സരിക്കും. ബാക്കിയുള്ള രണ്ട് മണ്ഡലങ്ങളില്‍ ചെറിയ സഖ്യ കക്ഷികളായിരിക്കും മത്സരിക്കുന്നത്.
ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ ആറ് സീറ്റാണ് കോണ്‍ഗ്രസിന് ഇത്തവണ കുറഞ്ഞത്. ഇതോടെ തമിഴ്നാട്ടില്‍ ഡിഎംകെയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ കീഴടങ്ങിയതിന് സമാനമായി പുതുച്ചേരിയിലും കോണ്‍ഗ്രസ് വഴങ്ങിയെന്ന കാര്യം വളരെ വ്യക്തമാണ്. കഴിഞ്ഞ തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 സീറ്റിലും ഡിഎംകെ 9 സീറ്റിലുമാണ് മത്സരിച്ചത്. അതില്‍ നിന്നാണ് നാല് സീറ്റ് ഡിഎംകെ കൂട്ടിയെടുത്തത്.
തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഡിഎംകെ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് സഖ്യം ആവശ്യമായതിനാല്‍ സീറ്റ് ധാരണയില്‍ എത്തുകയായിരുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് 25 സീറ്റില്‍ മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. കന്യാകുമാരി ലോക് സഭാ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മത്സരിക്കും.
40 സീറ്റായിരുന്നു കോണ്‍ഗ്രസ് ഡിഎംകെയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ഡിഎംകെ നിഷേധിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയും വീരപ്പമൊയ്‌ലിയും പങ്കെടുത്ത ചര്‍ച്ചയില്‍ 20 സീറ്റായിരുന്നു കോണ്‍ഗ്രസിന് നല്‍കുമെന്ന് ഡിഎംകെ അറിയിച്ചിരുന്നത്.