അബുദാബി:
ബറാക്ക ആണവോർജ പ്ലാൻറിലെ രണ്ടാമത്തെ ന്യൂക്ലിയർ റിയാക്ടർ യൂനിറ്റിൻറെ പ്രവർത്തന ലൈസൻസിന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ്എൻആർ) അനുമതി നൽകി. അടുത്ത 60 വർഷത്തേക്ക് യൂനിറ്റിൻറെ ഓപറേറ്റിങ് ലൈസൻസ് സാധുവായിരിക്കുമെന്ന് ന്യൂക്ലിയർ റെഗുലേറ്റർ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇന്ധന ലോഡിങ്ങും ഊർജശേഷി ഉയർത്തുന്നതും ഉൾപ്പെടെയുള്ള പരീക്ഷണത്തിനായുള്ള ജോലികൾ ഉടൻ ആരംഭിക്കും. ഒന്നാം യൂനിറ്റിനെ ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചതിനെ തുടർന്നാണ് രണ്ടാം യൂനിറ്റിന് പ്രവർത്തനാനുമതി നൽകിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒന്നാം യൂനിറ്റിന് ഓപറേറ്റിങ് ലൈസൻസ് നൽകിയതിനുശേഷമാണ് ഇന്ധന ലോഡിങ്ങും ഊർജാരോഹണവും സുരക്ഷിതമായി പൂർത്തിയാക്കിയതെന്ന് യുഎഇയിലെ അന്താരാഷ്ട്ര ആറ്റമിക് എനർജി ഏജൻസിയുടെ സ്ഥിരം പ്രതിനിധിയും ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ ഡെപ്യൂട്ടി ചെയർമാനുമായ ഹമദ് അൽ കാബി പറഞ്ഞു.