തിരുവനന്തപുരം:
പുതുമോടിയിൽ സിപിഎം സ്ഥാനാർത്ഥിപ്പട്ടിക. സിപിഎം– സിപിഐ സ്ഥാനാർഥികൾ തീരുമാനമായപ്പോൾ പിണറായി മന്ത്രിസഭയിലെ 8 മന്ത്രിമാർ പുറത്തായി. സമീപകാലത്ത് ഇത്രയും ഉന്നതരെ ഒഴിവാക്കി ഇടതു പട്ടിക പ്രസിദ്ധീകരിക്കുന്നത് ഇതാദ്യം. ഇരു പാർട്ടികളുടെയും നിയമസഭാ കക്ഷി നേതൃനിരയിൽ പുതിയവർ വരുമെന്ന് വ്യക്തമായ സൂചന ഇതു നൽകുന്നു.
21 അംഗ സിപിഎം സംസ്ഥാന പാർട്ടി സെന്ററിലെ 8 നേതാക്കളാണ് തിരഞ്ഞെടുപ്പു പോരിന് ഇറങ്ങുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ചേർന്നതാണ് സംസ്ഥാന സെന്റർ. ആ സെന്ററിൽ സംഘടനാ ചുമതലയുണ്ടായിരുന്ന എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, പി രാജീവ്, കെഎൻ ബാലഗോപാൽ എന്നിവർ പാർലമെന്ററി രംഗത്തേക്കു മാറുന്നു.
പകരം ഇപി ജയരാജൻ, എകെ ബാലൻ, തോമസ് ഐസക് എന്നിവർ സംഘടനാ രംഗത്തേക്കു മടങ്ങിയെത്തുന്നു. ഇതോടെ പിണറായി വിജയന്റെ പുതിയ സേനാവിന്യാസത്തിന്റെ മുഖം തന്നെ മാറി. 2 ടേം നിബന്ധന പ്രാബല്യത്തിലാക്കുന്നതു സംബന്ധിച്ച് നേരത്തെയും സൂചനകൾ നൽകിയിരുന്നുവെങ്കിലും മന്ത്രിമാർ അടക്കമുള്ള ഭൂരിപക്ഷം പേരും അതിൽ ഇളവു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു.
കർശനമായി അതു നടപ്പാക്കാൻ തീരുമാനിച്ചതോടെ മത്സര രംഗത്തില്ല എന്നതിനോട് അവരും പൊരുത്തപ്പെട്ടു വരുന്നു.