ദമ്മാം:
കരുത്തറിയിച്ച് സൗദി-യുഎസ് സംയുക്ത വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചു. സൈനിക-നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായാണ് സൈനികാഭ്യാസ പ്രകടനം. റോയൽ സൗദി വ്യോമസേനയുടെ സൗദി എഫ്-15, യുഎസ് വ്യോമസേനയുടെ സ്ട്രാറ്റജിക് ബി-52 എന്നീ വിഭാഗങ്ങളിൽപെട്ട യുദ്ധവിമാനങ്ങളാണ് ഞായറാഴ്ച നടന്ന പരിശീലന പ്രകടനങ്ങളിൽ മുഖ്യമായും പങ്കാളികളായത്.
വ്യോമസേനകളുടെ പരസ്പര ഏകോപനം, സംയുക്ത പ്രവർത്തന-പ്രതിരോധ രീതികൾ, പരസ്പര പങ്കാളിത്തത്തോടെ നടത്തുന്ന വായു-സമുദ്ര അഭ്യാസങ്ങൾ, പ്രതിരോധ സൈനിക വിന്യാസ തന്ത്രം, സമുദ്ര തീര-വാന നിരീക്ഷണ സംവിധാനങ്ങൾ, വ്യോമ പോരാട്ട പ്രവർത്തനങ്ങൾ, അത്യാധുനിക യുദ്ധോപകരണങ്ങളുടെ ഉപയോഗം, രക്ഷാപ്രവർത്തനങ്ങൾ, ആശയവിനിമയ രീതികൾ, സാങ്കേതിക വിദ്യയുടെ കൈമാറ്റം തുടങ്ങി വിവിധ മേഖലകളിൽ പരിശീലനങ്ങളും നടന്നു.
ആഴ്ചകൾക്കുമുമ്പ് സൗദി, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസ പ്രകടനങ്ങൾ കിഴക്കൻ സൗദിയിലെ ജുബൈൽ തീരത്തുള്ള കിങ് അബ്ദുൽ അസീസ് നാവിക താവളം കേന്ദ്രീകരിച്ച് നടന്നിരുന്നു.