ന്യൂഡൽഹി:
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉറപ്പിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം തിരുവനന്തപുരത്ത് വ്യക്തമാക്കിയതാണെന്നും നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഹൈക്കമാൻഡുമായി വിശദ ചർച്ച നടത്തിയ അദ്ദേഹം, സ്ഥാനാർഥിയാകാനില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു.
സ്ഥാനാർഥിയായാൽ മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടി വരുമെന്നും സംസ്ഥാനത്തുടനീളം പ്രചാരണത്തിന് ഇറങ്ങാനാവാത്ത സാഹചര്യമുണ്ടാവുമെന്നും ഹൈക്കമാൻഡിനെ അറിയിച്ചു. ഇതിനിടെ, കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക സംബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന ചർച്ചകളിൽ തീരുമാനമായില്ല.
അന്തിമ പട്ടിക ഇന്നുണ്ടായേക്കില്ലെന്നും നാളെ പ്രഖ്യാപിക്കാനാണു ശ്രമമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പട്ടികയ്ക്കു രൂപം നൽകുന്നതിന്റെ ഭാഗമായി എംപിമാരുമായുള്ള കൂടിക്കാഴ്ച സ്ക്രീനിങ് കമ്മിറ്റി ഇന്നലെയും തുടർന്നു. കെ മുരളീധരൻ, എംകെ രാഘവൻ എന്നിവർ വിട്ടുനിന്നു. ഡൽഹിയിൽ തുടരുന്ന മുല്ലപ്പള്ളി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ രാത്രി വൈകിയും ചർച്ച നടത്തി.
സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചയും പൂർത്തിയായിട്ടില്ല. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചിട്ടില്ല. ഷാഫി പറമ്പിൽ പാലക്കാട് വിട്ട് പട്ടാമ്പിയിൽ മത്സരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു മുല്ലപ്പള്ളി പറഞ്ഞു