Tue. Nov 5th, 2024
മ്യാൻമർ:

പട്ടാളം ഭരണം പിടിച്ചടക്കിയ മ്യാന്മറില്‍ കുട്ടികളുടെ ജീവന് വേണ്ടി സൈന്യത്തിന് മുന്നില്‍ മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ. സിസ്റ്റര്‍ ആന്‍ റോസ് നു തൗങ് ആണ് കുട്ടികളുടെ ജീവന് പകരം എൻ്റെ ജീവനെടുത്തോളൂ എന്ന് പറഞ്ഞ സൈനികര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയത്. സിസ്റ്ററുടെ ചിത്രങ്ങള്‍ ലോകവ്യാപക ശ്രദ്ധ പിടിച്ചുപറ്റി. സോഷ്യല്‍മീഡിയയില്‍ ആയിരക്കണക്കിന് ആളുകള്‍ ചിത്രം പങ്കുവെച്ചു.

കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി താന്‍ അവരുടെ മുന്നില്‍ മുട്ടുകുത്തിയെന്ന് സിസ്റ്റര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. സൈനിക നടപടിയെ തുടര്‍ന്ന് കുട്ടികള്‍ ഭയന്ന് എൻ്റെ മുന്നിലൂടെ ഓടി. എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

കുട്ടികളുടെ രക്ഷക്കുവേണ്ടി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. തൊട്ടുമുന്നില്‍ ഒരാള്‍ തലക്ക് വെടിയേറ്റ് മരിച്ചുവീണു. പിന്നീട് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ലോകം തകരുകയാണെന്ന് തോന്നിപ്പോയി- അവര്‍ പറഞ്ഞു. മ്യാന്മര്‍ നഗരമായ മൈകീനയിലായിരുന്നു സംഭവം.

പട്ടാളം ഭരണം പിടിച്ചെടുത്തതിനെതിരെ നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്തുകയാണ് ഭരണകൂടം. രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. സമരം ശക്തമായ മൈകീനയില്‍ സൈന്യം കടുത്ത നടപടി സ്വീകരിക്കുന്നതിനിടെയാണ് സിസ്റ്റര്‍ ആന്‍ റോസും മറ്റ് രണ്ട് കന്യാസ്ത്രീകളും സൈന്യത്തിന് മുന്നില്‍ അപേക്ഷയുമായി എത്തിയത്.

By Divya