Mon. Dec 23rd, 2024
തിരുവനന്തപുരം:

സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിൻ്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്നവർ എന്ന പേരിൽ ഇപ്പോൾ കേന്ദ്ര ഏജൻസികൾക്കെതിരെ മൊഴി നൽകുന്ന പൊലീസ് നീക്കത്തിനെതിരെ നിയമനടപടിക്ക് ഇഡിയും കസ്റ്റംസും. ഇന്നു നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചു തുടർ നീക്കങ്ങൾ നടത്തും. ഇത്തരം മൊഴികളിൽ നിയമപരമായി ഒരു കഴമ്പുമില്ലെന്നാണ് ഏജൻസികൾ വിലയിരുത്തുന്നത്. എന്നാൽ അവ വച്ചു കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്കെതിരെ നടപടികളിലേക്കു പൊലീസ് കടന്നാൽ ഉടൻ കോടതിയിൽ ബദൽ നീക്കം നടത്താനും മൊഴി കൊടുത്തവരുടെ പേരിൽ നിയമനടപടി സ്വീകരിക്കാനുമാണ് ഇഡിയും കസ്റ്റംസും ആലോചിക്കുന്നത്.

സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നപ്പോൾ ഇഡി ജയിൽ ഡിജിപിയോട് ആവശ്യപ്പെട്ട പ്രകാരമാണു ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്. അതേസമയം സ്വപ്നയ്ക്കു സുരക്ഷയൊരുക്കിയത് ഇടതു സംഘടനയെ അനുകൂലിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണെന്നും പുറത്തു വന്നിരുന്നു. മാത്രമല്ല, ഒരു ഉദ്യോഗസ്ഥ അവരുടെ ഫോണിൽ നിന്നു മറ്റാരെയോ വിളിച്ചു തന്ന ശേഷം പറയാൻ നിർദേശിച്ച കാര്യങ്ങൾ മാത്രമാണു താൻ പറഞ്ഞതെന്നും അതാണു പിന്നീടു ശബ്ദരേഖയായി പുറത്തു വന്നതെന്നുമാണു സ്വപ്ന മജിസ്ട്രേട്ടിനും ഇഡിക്കും നൽകിയ മൊഴിയിലുള്ളത്.

ഇതു കോടതിയുടെ കൈവശമിരിക്കെ, പൊലീസ് ഉദ്യോഗസ്ഥകളുടെ ഇപ്പോൾ പുറത്തുവരുന്ന മൊഴിയിൽ കാര്യമില്ലെന്നാണ് ഇഡിക്കു ലഭിച്ച നിയമോപദേശം.

By Divya