Fri. Nov 22nd, 2024
ദുബായ്:

ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ദ്ധന മരവിപ്പിച്ച നടപടി 2023 വരെ നീട്ടി പുതിയ പ്രഖ്യാപനം. 2023 വരെ സര്‍ക്കാര്‍ ഫീസുകളൊന്നും വര്‍ദ്ധിപ്പിക്കില്ലെന്നും പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്തില്ലെന്നും അധികൃതര്‍ അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരം ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കിയത്.

മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസുകളുടെ വര്‍ദ്ധന നിര്‍ത്തിവെച്ച് 2018ല്‍ ഉത്തരവിറങ്ങിയിരുന്നു. ഇതാണ് ഇപ്പോള്‍ 2023 വരെ നീട്ടി നല്‍കിയത്. കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്കും സംരംഭകര്‍ക്കും ആശ്വാസകരമായ തീരുമാനമാണിത്.

കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത 2020 മാര്‍ച്ച് മുതല്‍ ദുബായ് സര്‍ക്കാര്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അഞ്ച് സാമ്പത്തിക പാക്കേജുകളാണ് ഈ കാലയളവില്‍ പ്രഖ്യാപിച്ചത്. ഇതിനായി 700 കോടി ദിര്‍ഹം മാറ്റിവെച്ചിരുന്നു.

By Divya