Fri. Nov 22nd, 2024
തിരുവനന്തപുരം:

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപ്പട്ടിക ഇന്നു രാവിലെ 11ന് പ്രഖ്യാപിക്കാനിരിക്കെ, നിയുക്ത സ്ഥാനാർഥികൾക്കെതിരായ പ്രതിഷേധം കൂട്ടരാജികളിലേക്ക്. പൊന്നാനിയിൽ വെളിയങ്കോട്, പൊന്നാനി ടൗൺ ലോക്കൽ കമ്മിറ്റികളിൽ നിന്നായി 10 പേർ രാജി നൽകി. എരമംഗലം ലോക്കൽ കമ്മിറ്റിയിലെ 5 പേർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. പ്രതിഷേധം തണുപ്പിക്കാൻ ശ്രമം ആരംഭിച്ചെങ്കിലും നേതൃത്വത്തെ അമ്പരപ്പിക്കും‌വിധം അണികൾ തെരുവിലിറങ്ങുകയും രോഷം തുടരുകയുമാണ്.

പൊന്നാനിയിൽ പി നന്ദകുമാറിനെ സ്ഥാനാർഥിയാക്കാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്ത മണ്ഡലം കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. പങ്കെടുത്തവരിൽ ഭൂരിപക്ഷവും ടിഎം സിദ്ദീഖ് സ്ഥാനാർഥി ആകണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തള്ളി.

ആലപ്പുഴയിൽ 5 തവണ തണ്ണീർമുക്കം പഞ്ചായത്തംഗവും കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സിപിഎം നേതാവ് ചേർത്തലയിൽ എൻഡിഎ സ്ഥാനാർഥിയായി. മരുത്തോർവട്ടം ലോക്കൽ കമ്മിറ്റി അംഗം പി.എസ്. ജ്യോതിസിനെയാണ് ചേർത്തലയിലെ സ്ഥാനാർഥിയായി ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്.

പാലക്കാട്ടെ കോങ്ങാട് മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് കെ ശാന്തകുമാരിയെ സ്ഥാനാർഥിയാക്കിയതിനെതിരെ 8 ലേ‍ാക്കൽ കമ്മിറ്റികളിൽ നിന്നു പ്രതിഷേധം ഉയർന്നു. മഞ്ചേശ്വരത്ത് കെആർ ജയാനന്ദയെ സ്ഥാനാർഥിയാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം തീർക്കാൻ ഇന്നലത്തെ മണ്ഡലം കമ്മിറ്റി യോഗത്തിനും കഴിഞ്ഞില്ല. മലമ്പുഴയിലെ സ്ഥാനാർഥി എ പ്രഭാകരനെതിരെ ‘സേവ് കമ്യൂണിസ’ത്തിന്റെ പേരിൽ പേ‍ാസ്റ്ററുകൾ പതിച്ചു. ആലപ്പുഴയിൽ പിപി ചിത്തരഞ്ജനെതിരെ വ്യാപക പോസ്റ്റർ പ്രചാരണം നടക്കുകയാണ്.

By Divya