Fri. Nov 22nd, 2024
മുംബൈ:

ടെക് ഭീമൻ ഗൂഗിളിൻ്റെ വമ്പൻ പദ്ധതിയിലെ ഇന്ത്യയിലെ സ്ത്രീകളുടെ തലവര മാറ്റിമറിക്കുമോ? ഇതാണ് ഇന്ന് ലോകം ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വാർത്ത. 25 ദശലക്ഷം ഡോളറിൻ്റെ നിക്ഷേപത്തിലൂടെ ഇന്ത്യയിലെ ഗ്രാമങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം ഐശ്വര്യപൂർണമാക്കാനാണ് ലക്ഷ്യം.

ഇന്ത്യയിലെ ഗ്രാമീണരായ പത്ത് ലക്ഷം സ്ത്രീകളെ ലക്ഷ്യമിട്ടാണ് പദ്ധതി. ഇന്റർനെറ്റ് സാഥി പ്രോഗ്രാം വഴി സ്ത്രീകൾക്കായി വിൽ വെബ് പ്ലാറ്റ്ഫോമും ഒരുക്കുന്നുണ്ട്. രാജ്യത്തെ പെൺകുട്ടികളുടെ ജീവിതലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള പിന്തുണയാണ് ഇവർ ലക്ഷ്യമിടുന്നത്.

തങ്കത്തമിഴൻ സുന്ദർ പിച്ചൈ തന്നെയാണ് ഈ പദ്ധതിക്കും പുറകിലുള്ളത്. ബിസിനസ് ടൂട്ടോറിയൽ, ടൂൾ, മെന്റർഷിപ്പ് തുടങ്ങിയ വിവിധ പരിപാടികളിലൂടെ സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യം. വുമൺ വിൽ പ്ലാറ്റ്ഫോം ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമായിരിക്കും.

സംരംഭകത്വ പ്രോത്സാഹനത്തിന് വേണ്ടിയാണ് ഇത്. ടെയ്‌ലറിങ്, ഭക്ഷ്യ സംസ്കരണം, ട്യൂഷൻ, തുടങ്ങി ഏതെങ്കിലും മേഖലയിൽ താത്പര്യമുള്ള സ്ത്രീകളാണെങ്കിൽ അവർക്ക് ഒരു വരുമാനം കിട്ടുന്ന തരത്തിലേക്ക് മാറ്റം വരുത്തുകയാണ് ലക്ഷ്യം. ആൽഫബെറ്റിന്റെ സിഇഒയായ പിച്ചൈ, ഐഐടി ഖരഗ്‌പൂറിൽ നിന്നാണ് ബിരുദം നേടിയത്. തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം പിന്നീട് ഗൂഗിളിൽ എത്തിപ്പെട്ടതോടെയാണ് ലോകത്തെ തന്നെ ശ്രദ്ധേയനായി മാറിയത്.

By Divya