Sun. Dec 22nd, 2024
തിരുവനന്തപുരം:

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ വീണ്ടും മൊഴി. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായി മൊഴി. സ്വപ്‌നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടെതാണ് മൊഴി.

ലോക്കറിലെ തുക ശിവശങ്കര്‍ തന്നതാണെന്നും ആ തുക മുഖ്യമന്ത്രിയാണ് എം ശിവശങ്കറിന് നല്‍കിയതെന്നും പറയണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇങ്ങനെ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നും ഇഡി സ്വപ്‌നയോട് പറഞ്ഞു. സ്വപ്‌നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന സംഘത്തിനാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ മൊഴി നല്‍കിയിരിക്കുന്നത്.

ഇഡിക്കെതിരെ ഇത് രണ്ടാമത്തെ മൊഴിയാണ് സ്വപ്‌നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന സംഘത്തിന് ലഭിക്കുന്നത്. സ്വപ്‌നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇന്നലെ ഇഡിക്കെതിരെ മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയായ സിജി വിജയന്‍ ഇന്നലെ മൊഴി നല്‍കിയത്.

ഇഡിയുടെ ചോദ്യങ്ങളില്‍ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിര്‍ബന്ധപൂര്‍വം പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് സിവില്‍ പൊലീസ് ഓഫിസര്‍ പറയുന്നു. സ്വപ്നയെ നിര്‍ബന്ധിക്കുന്ന തരത്തിലായിരുന്നു ചോദ്യം ചെയ്യലെന്നും ശബ്ദരേഖയില്‍ ആരോടാണ് സ്വപ്ന സംസാരിച്ചതെന്ന് അറിയില്ലെന്നുമാണ് മൊഴി. രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥനാണ് സ്വപ്നയെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിക്കാന്‍ ശ്രമിച്ചതെന്നും മൊഴിയിലുണ്ട്.

By Divya