ഇന്ന് മുതൽ തിയേറ്ററുകളിൽ സെക്കൻഡ് ഷോ

സിനിമ തിയേറ്ററുകളുടെ പ്രവർത്തന സമയം ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു. റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും.

0
64
Reading Time: < 1 minute

കൊച്ചി:

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ ഇന്ന് മുതൽ സെക്കൻഡ് ഷോ ആരംഭിക്കും. സിനിമ തിയേറ്ററുകളിൽ സെക്കൻഡ് ഷോ പുനരാരംഭിക്കാൻ ഇന്നലെയായിരുന്നു സർക്കാർ അനുമതി നൽകിയത്.

വലിയ മാറ്റങ്ങൾ ഇതുണ്ടാക്കുമെങ്കിലും പരിഹരിക്കാൻ ഇനിയും പ്രശ്നങ്ങൾ ഏറെയുണ്ടെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.

സിനിമ തിയേറ്ററുകളുടെ പ്രവർത്തന സമയം ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു. നിലവിൽ രാവിലെ 9 മണി മുതൽ രാത്രി 9 വരെയായിരുന്നു. ഇതോടെ റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും.

ഉടൻ പ്രാബല്യത്തോടെയുള്ള ഉത്തരവ് പുറത്തിറങ്ങിയതോടെ മിക്ക തിയറ്ററുകളിലും ഇന്ന് സെക്കൻഡ് ഷോ നടത്തും. 50% സീറ്റുകളിൽ മാത്രം പ്രവേശനം എന്ന നിബന്ധനയിൽ മാറ്റമില്ല. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

ഒരു വർഷത്തിന് ശേഷം തിയേറ്ററുകൾ തുറന്നിരുന്നെങ്കിലും സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ പല ചിത്രങ്ങളുടേയും റിലീസ് കൂട്ടത്തോടെ മാറ്റിവെച്ചിരുന്നു.

സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയേറ്റർ അടച്ചിടേണ്ടി വരുമെന്നും ഉടമകള്‍ വ്യക്തമാക്കിയിരുന്നു. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിതരണക്കാരുടേയും തിയേറ്റർ ഉടമകളുടേയും സംഘടനകൾ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. ഇതിനുശേഷം കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിയെ നേരിൽക്കണ്ട് സിനിമാ സംഘടനകൾ ആവശ്യം അറിയിച്ചു. ഇതിന് പിന്നാലെയാണ് സെക്കന്‍ഡ് ഷോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Advertisement