കോട്ടയം:
പ്രതികളെ പിടികൂടാന്‍ പലപ്പോഴും പൊലീസ് സംഘം വേഷം മാറാറുണ്ട്. കോട്ടയം ഈരാറ്റുപേട്ടയില്‍ നിന്നും അത്തരമൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ചാരായ വില്‍പ്പനക്കാരനെ എക്സെെസ് ഷാഢോ സംഘം ഇന്‍റര്‍വ്യൂ നടത്തിയാണ് പിടികൂടിയത്. അഭിമുഖത്തിനായി ചാരായവുമായാണ് വില്‍പ്പനക്കാരന്‍ എത്തിയത്. യൂട്യൂബ് വ്ളോഗർമാരുടെ വേഷത്തിൽ ആയിരുന്നു റിസോർട്ടിൽ ഷാഡോ സംഘം മുറിയെടുത്തത്.
ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് വിനോദസഞ്ചാരികൾക്ക് വാറ്റുചാരായം വിൽക്കുന്ന ‘കിടിലം പോൾ’ എന്നറിയപ്പെടുന്ന മൂന്നിലവ് മേച്ചാൽ തൊട്ടിയിൽ പോൾ ജോർജിനെ പിടികൂടിയത്.
ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോംസ്റ്റേകളിലെയും റിസോർട്ടുകളിലെയും വിനോദസഞ്ചാരികൾക്ക് വാറ്റുചാരായം വിൽക്കുന്നയാളാണ് പോള്‍ ജോര്‍ജ്.
തങ്ങൾ യൂട്യൂബ് വ്ളോഗർമാരാണെന്നും പോളിന്റെ തെങ്ങിൻപൂക്കുല ഇട്ട് വാറ്റുന്ന നാടൻ ചാരായത്തിന്റെ രുചി തേടിയെത്തിയവരാണെന്നുമായിരുന്നു ഷാഡോ സംഘം പോളിനോട് പറഞ്ഞത്. ചാരായത്തിന്റെ വിശേഷങ്ങൾ അറിയാൻ താൽപ്പര്യമുണ്ടെന്നും അഭിമുഖത്തിനായി ചാരായവുമായി എത്താമോയെന്നും ചോദിച്ചു. തുടർന്ന് ചാരായവുമായി എത്തിയ പോളിനെ എക്‌സൈസ് സംഘം കെെയ്യോടെ പിടികൂടുകയായിരുന്നു.
https://www.youtube.com/watch?v=4gFUEyDjRrs