പാരിസ്:
ഫ്രഞ്ച് കോടീശ്വരനും പാർലമെന്‍റംഗവുമായ ഒലിവർ ഡസ്സോ (69) ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. വടക്കൻ ഫ്രാൻസിലെ നോർമാണ്ടി കാലഡോസിൽ ഞായറാഴ്ചയായിരുന്നു അപകടം. റഫേൽ യുദ്ധവിമാനമടക്കം നിർമിക്കുന്ന ഫ്രഞ്ച് വിമാന നിർമ്മാണ കമ്പനിയായ ഡസോ ഏവിയേഷന്‍റെ ഉടമകളിലൊരാളാണ്.
ഡസോ ഏവിയേഷൻ സ്ഥാപകനായ മാഴ്സെൽ ഡസോയുടെ ചെറുമകനും സെർജ് ഡസോയുടെ മകനുമായിരുന്നു ഒലിവർ. കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഡസോ ഗ്രൂപ്പിന്‍റെ സ്ട്രാറ്റജി, ഡവലപ്മെന്റ് പ്രസിഡൻറായിരുന്നു അദ്ദേഹം.
ഒലിവറിന്‍റെ വിയോഗത്തിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ആദരാഞ്ജലി അർപ്പിച്ചു.
“ഒലിവർ ഫ്രാൻസിനെ സ്നേഹിച്ചു. വ്യവസായ സംരംഭകൻ, ക്യാപ്റ്റൻ, നിയമ നിർമ്മാതാവ്, വ്യോമസേന റിസർവ് കമാൻഡർ തുടങ്ങിയ മേഖലകളിൽ വിലമതിക്കാനാകാത്ത സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള വിയോഗം തീരാനഷ്ടമാണ്. കുടുംബത്തിന്‍റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു” -മാക്രോൺ ട്വീറ്റ് ചെയ്തു.