Fri. Nov 22nd, 2024
ബംഗാൾ:

എന്താ ദീദീ, എന്നോടിത്ര ദേഷ്യം? എന്നെ രാവണൻ, ചെകുത്താൻ, ഗുണ്ട എന്നൊക്കെ വിളിച്ചു. എന്താണീ ദേഷ്യത്തിന്റെ കാരണം?’ – കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നിറഞ്ഞ ജനക്കൂട്ടത്തോട് സംസാരിക്കവേ പ്രധാനമന്ത്രി മോദിയുടെ പരിഹാസം നിറഞ്ഞ ചോദ്യം. ഒരു മണിക്കൂർ പ്രസംഗത്തിൽ ഏറിയ പങ്കും മുഖ്യമന്ത്രി മമത ബാനർജിയെ കടുത്ത ഭാഷയിൽ പരിഹസിക്കുകയായിരുന്നു മോദി.

ബംഗാളിൽ പ്രധാനമന്ത്രി നടത്തുന്ന പരിവർത്തൻ യാത്രാ പരമ്പരയിലെ ആദ്യ റാലി. മൈതാനം നിറഞ്ഞ് പ്രവർത്തകർ ഇരമ്പിക്കയറി. അവരുടെ ആവേശത്തിനു ചേർന്നതായിരുന്നു മോദിയുടെ പ്രസംഗം. ഇടയ്ക്കിടെ അദ്ദേഹം അവർക്കു ബംഗാളി ഭാഷയിൽ മുദ്രാവാക്യങ്ങൾ വിളിച്ചുകൊടുത്തു. രാവിലെ മുതൽ കാത്തുനിന്ന വൻ ജനാവലിക്കു മുന്നിലേക്ക് മോദി എത്തിയത് ഉച്ച കഴിഞ്ഞ് രണ്ടരയ്ക്കാണ്.

‘ഇടതുപക്ഷത്തോടു പൊരുതിയ ദീദിയല്ല ഇപ്പോഴത്തേത്. മറ്റാരോ അവരെ നിയന്ത്രിക്കുന്നു. ശരിയാണ്, പരിചയസമ്പന്നരായ കളിക്കാരാണ് നിങ്ങൾ. അഴിമതിയുടെ ഒളിംപിക്സ് തന്നെ നിങ്ങൾ നടത്തി. ബംഗാളിലെ ജനങ്ങളെ വച്ച് ഇനി നിങ്ങൾക്ക് എന്തു കളിയാണു ബാക്കിയുള്ളത്? ഇനി കളിയൊന്നും നടക്കില്ല.’ – തൃണമൂൽ കോൺഗ്രസിന്റെ ‘ഖേലാ ഹോബേ’ (കളി തുടങ്ങും) എന്ന മുദ്രാവാക്യത്തെ പരിഹസിച്ചു മോദി പറഞ്ഞു.

ഇന്ധന വിലക്കയറ്റത്തിനെതിരെ കഴിഞ്ഞ ദിവസം മമത ബാനർജി സ്കൂട്ടർ ഓടിച്ചു പ്രതിഷേധിച്ചതിനെയും ഭവാനിപുരിൽ നിന്നു നന്ദിഗ്രാമിലേക്കുള്ള മണ്ഡലം മാറിയതിനേയും മോദി കളിയാക്കി: നിങ്ങൾ സ്കൂട്ടറിൽനിന്നു വീഴാഞ്ഞതു നന്നായി. സ്കൂട്ടർ ഭവാനിപുരിനു പകരം നന്ദിഗ്രാമിലേക്കാണു തിരിഞ്ഞത്. ആർക്കും പരുക്കു പറ്റാതിരിക്കട്ടെ. പക്ഷേ, സ്കൂട്ടർ നന്ദിഗ്രാമിൽ വീഴാൻ തീരുമാനിച്ചാൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ല.

ഇവിടെ താമര വിരിയും. അതിനു വേണ്ടത്ര ചെളിക്കുണ്ട് നിങ്ങളുടെ ഭരണം സൃഷ്ടിച്ചിട്ടുണ്ട്. ഞാനെന്റെ സുഹൃത്തുക്കൾക്കു വേണ്ടിയാണു പണിയെടുക്കുന്നതെന്നു പ്രതിപക്ഷ പാർട്ടികൾ പറയുന്നു. ശരിയാണ്, ഇന്ത്യയിലെ 130 കോടി ജനങ്ങളാണ് എന്റെ സുഹൃത്തുക്കൾ.

By Divya