ദമ്മാം:
വംശനാശ ഭീഷണി നേരിടുന്ന ഫാൽക്കണുകളുടെ പരിരക്ഷക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനൊരുങ്ങുകയാണ് സൗദി പരിസ്ഥിതി മന്ത്രാലയം. ഫാൽക്കൺ പിരിഗ്രിനസ്, ലാനാർ ഫാൽക്കൺ തുടങ്ങി വിവിധയിനം ഫാൽക്കണുകളെ വേട്ടയാടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമനിർമാണ നടപടികളും അജണ്ടയിലുണ്ട്.
പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സ്പെഷൽ ഫോഴ്സ്, നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറ് എന്നിവയുടെ നേതൃത്വത്തിൽ സൗദി ഫാൽക്കൺ ക്ലബിന്റെ കൂടി സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാവുന്നത്.
ഫാൽക്കണുകളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യംവെച്ച് ആദ്യമായാണ് സൗദിയിൽ ഇത്തരത്തിലൊരു പദ്ധതി. പ്രകൃതിയുടെ സ്വാഭാവിക താളം നിലനിർത്താനും സന്തുലിതാവസ്ഥ വീണ്ടെടുക്കാനും മുഖ്യ ഊന്നൽ നൽകുന്ന, മാസങ്ങൾ നീളുന്ന പദ്ധതിക്ക് ‘ഹദാദ്’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
പക്ഷിവേട്ട നടത്തുന്നവരെ പ്രത്യേകം ബോധവത്കരിക്കുന്നതടക്കമുള്ള വേറിട്ട പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്നത്. ഫാൽക്കൺ സൗഹൃദ ജൈവിക ആവാസവ്യവസ്ഥ തനത് സ്വഭാവത്തിൽ നിലനിർത്തുന്നതിലൂടെയും കൃത്രിമ പ്രജനനം വഴിയും വംശനാശ ഭീഷണി ഒരു പരിധി വരെ തടഞ്ഞുനിർത്താനാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഗോളതലത്തിലെ കാലാവസ്ഥ വ്യതിയാനവും അനുകൂല ആവാസ വ്യവസ്ഥയുടെ അഭാവവും പക്ഷിവേട്ടയുമാണ് പ്രധാനമായും ഫാൽക്കണുകളുടെ നിലനിൽപ്പിന് ഭീഷണി.