Wed. Jan 22nd, 2025
റിയാദ്:

കൊവിഡ് വീണ്ടും വ്യാപകമായതിനെ തുടർന്ന് ഏർപ്പെടുത്തിയ താത്കാലിക വിലക്കിൽ ഇളവ് നൽകിയതോടെ ജനങ്ങൾ കൂട്ടംകൂടുന്നത് തടയാൻ കർശന നിർദേശങ്ങൾ പുറത്തിറക്കി അധികൃതർ. ഇന്ന് (ഞായർ) മുതലാണ് റസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും സിനിമാശാലകളും വിനോദ കേന്ദ്രങ്ങളും തുറക്കുന്നതിനും നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീങ്ങുന്നത്.

എന്നാൽ സൽക്കാരങ്ങളും ആഘോഷ പരിപാടികളും ജനങ്ങൾ ഒത്തു കൂടുന്നതും പാടേ ഒഴിവാക്കിക്കൊണ്ടുള്ള നിർദ്ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ളത്. ഇത് പ്രകാരം ഓഡിറ്റോറിയങ്ങളും വിവാഹ ഹാളുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ല.

റസ്റ്ററന്റുകളും കഫേകളും തുറക്കുന്നതോടെ പാലിക്കേണ്ട പ്രോട്ടോകോളുകളുടെയും മുൻകരുതൽ നടപടികളുടെയും വിശദാംശങ്ങൾ നഗര ഗ്രാമ ഭാവന മന്ത്രാലയം പുറത്തിറക്കി.  സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചും രോഗ ലക്ഷണങ്ങൾ നിരീക്ഷിക്കുന്നത് സംബന്ധിച്ചും കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രീതിയെ കുറിച്ചുമുള്ള നിർദ്ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ട് വച്ചിട്ടുള്ളത്.

റസ്റ്ററന്റുകളിൽ ഒരേ കുടുംബത്തിലെ ആളുകളെ ഒന്നായി പരിഗണിക്കും. ഇവർക്കിടയിൽ സാമൂഹിക അകലം ആവശ്യമില്ല. അതേസമയം, ഒരു തീൻ മേശക്ക് ചുറ്റും അഞ്ചു പേരിൽ കൂടുതൽ പേർ ഇരിക്കരുത്. കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ആണെങ്കിൽ പോലും ഒരു മേശക്ക് ചുറ്റുമുള്ള ആളുകൾ അഞ്ചിൽ കൂടരുത്. ഓരോ മേശയും മൂന്ന് മീറ്റർ വീതം അകലത്തിലായിരിക്കണം. 

ഒരു മേശക്ക് ചുറ്റും ഒന്നിൽ കൂടുതൽ പാർട്ടികൾക്ക് ഭക്ഷണം വിളമ്പാൻ പാടില്ല.

By Divya