ചെന്നൈ:
തമിഴ്നാട്ടിൽ അണ്ണാഡിഎംകെ ബിജെപി സീറ്റ് ധാരണയായപ്പോൾ ഡിഎംകെ മുന്നണിയിൽ കോൺഗ്രസ് ഇടഞ്ഞു തന്നെ. ഡിഎംകെയ്ക്കു മേൽ സമ്മർദം ശക്തമാക്കുന്നതിൻ്റെ ഭാഗമായി കോൺഗ്രസ് നേതാക്കൾ കമൽ ഹാസനുമായി അനൗപചാരിക ചർച്ച നടത്തി.
മൂന്നാം മുന്നണിയിലേക്കു കമൽ സ്വാഗതം ചെയ്തപ്പോൾ താൽപര്യമില്ലെന്നു പ്രതികരിച്ച കോൺഗ്രസ്, പിന്നീട് അവരെ ഫോണിൽ വിളിച്ചതു ഡിഎംകെയെ സമ്മർദത്തിലാക്കാനാണെന്നാണു വിലയിരുത്തൽ. അതേസമയം, ആദ്യഘട്ടത്തിൽ 18 ൽ ഉറച്ചു നിന്ന സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഇപ്പോൾ 24 സീറ്റ് കോൺഗ്രസിന് നൽകാൻ തയാറായിട്ടുണ്ട്. ഒപ്പം രാജ്യസഭാ സീറ്റുകളിലൊന്നും.
എന്നാൽ, 27 തന്നെ വേണമെന്നു കോൺഗ്രസ് പറയുന്നു. പരമാവധി സീറ്റിനായി വിലപേശുക എന്നാൽ, മുന്നണിക്കു പുറത്തുപോകാതെ നോക്കുക എന്നാണ് എഐസിസി നിർദേശം. സീറ്റിന്റെ കാര്യത്തിലുള്ള പിണക്കം സിപിഎമ്മും തുടരുന്നു.
9 സീറ്റ് വേണമെന്നു സിപിഎം ഉറപ്പിച്ചു പറയുമ്പോൾ 6 നൽകാമെന്നാണു ഡിഎംകെ വാഗ്ദാനം. മുന്നണി ശിഥിലമാകാതെ നോക്കേണ്ടതു ഡിഎംകെയാണെന്നു തമിഴ്നാട് സിപിഎം സെക്രട്ടറി കെ ബാലകൃഷ്ണൻ പറയുന്നു.