Sun. Dec 22nd, 2024
കണ്ണൂർ:

സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ സ്ഥാനാർത്ഥി സാധ്യതാപ്പട്ടികയിൽ നിന്നു പുറത്തായത് അണികൾക്കിടയിൽ ചർച്ചയാവുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ എംബി രാജേഷ്, പി രാജീവ്, കെഎൻ ബാലഗോപാൽ, വിഎൻ വാസവൻ എന്നിവർക്കു കിട്ടിയ ഇളവ് ജയരാജന്റെ കാര്യത്തിൽ ഉണ്ടായില്ല. ജയരാജനെ പാർട്ടി ഒതുക്കുകയാണെന്നാണു വികാരം.

ജയരാജനെ തഴയാനുള്ള ശ്രമങ്ങൾക്കു പിന്നിൽ പാർട്ടിയിലെ ഒരുവിഭാഗം നേതാക്കളുണ്ടെന്ന സംശയമാണ് അണികൾ ഉയർത്തുന്നത്. പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച എൻ ധീരജ് കുമാർ ഈ ആരോപണമാണ് ഉയർത്തിയത്.

പി ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെ, വ്യക്തി പൂജയിലേക്ക് അണികളെ വളർത്തിയെടുക്കുന്നുവെന്ന ആരോപണമുയർന്നു. ജയരാജനുള്ള വാഴ്ത്തുപാട്ടാണ് ഇതിനു കാരണമായി പറഞ്ഞത്. ഇതു തിരുത്തണമെന്നു പാർട്ടി നേതൃത്വം ആവശ്യപ്പെടുകയും അക്കാര്യം പാർട്ടി യോഗങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

അതിന്റെ തുടർച്ചയായിരുന്നു വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനായി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള മാറ്റം. അവിടെയും മറ്റു നേതാക്കൾക്കു ലഭിച്ച ആനുകൂല്യം ജയരാജനുണ്ടായില്ല. സെക്രട്ടറിയുടെ ചുമതല മറ്റൊരാളെ ഏൽപിച്ചുകൊണ്ടല്ല, സ്ഥാനം രാജിവയ്പിച്ചു കൊണ്ടാണ് ജയരാജനെ മത്സരിപ്പിച്ചത്. അതുകൊണ്ട് വടകരയിൽ തോറ്റ ശേഷം സെക്രട്ടറി സ്ഥാനത്തേക്കു തിരിച്ചെത്താനും കഴിഞ്ഞില്ല.

By Divya