Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്‍പ് പഴയ കേസുകളില്‍ ജാമ്യമെടുക്കാന്‍ എത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിയേയും വെള്ളംകുടിപ്പിച്ച് കോടതി. തിരുവനന്തപുരം എസിജെഎം കോടതിയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു നാടകീയ സംഭവവികാസങ്ങള്‍.

തിരഞ്ഞെടുപ്പിന് മുന്‍പ് പഴയ കേസുകളില്‍ ജാമ്യമെടുക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പൂജപ്പുര സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സമരക്കേസില്‍ മന്ത്രി കടകപള്ളി സുരേന്ദ്രനും വി ശിവന്‍കുട്ടിയു കൂട്ടുപ്രതികളാണ്. കഴക്കൂട്ടത്തു മത്സരിക്കുന്ന കടംപള്ളിയും നേമത്തെ സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയും ഇന്നലെ വൈകിട്ട് നാലുമണിയോടെ വഞ്ചിയൂര്‍ എസിജെഎം കോടതിയില്‍ ജാമ്യമെടുക്കാനെത്തി. രണ്ടുപേരും ഒരുമിച്ച് പ്രതിക്കൂട്ടില്‍ കയറി.

പ്രതിക്കൂട്ടില്‍ ഇരിക്കാന്‍ കോടതിതന്നെ ശിവന്‍കുട്ടിക്ക് കസേരയും നല്‍കി. മറ്റു കേസുകള്‍ പരിഗണിച്ച ശേഷം 4.50 ഓടെ പൂജപ്പുര കേസിലെ ഒന്നാംപ്രതി കടകംപള്ളി സുരേന്ദ്രന്‍ എവിടെയെന്നു കോടതി ചോദിച്ചു. അദ്ദേഹം തിരിച്ചു പോയെന്ന് അഭിഭാഷകന്റെ മറുപടി. ആരു പറഞ്ഞിട്ടാണ് പോയതെന്നായി മജിസ്‌ട്രേറ്റ്.

കോടതി പറഞ്ഞിട്ടെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ പോകാന്‍ പറഞ്ഞില്ലെന്നും പ്രതിക്കൂട്ടില്‍ നിന്നു പുറത്തിറങ്ങി നില്‍ക്കാന്‍ മാത്രമേ പറഞ്ഞുള്ളൂവെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി. മന്ത്രിക്ക് ഔദ്യോഗിക തിരക്കുകള്‍ ഉണ്ടെന്നും അതിനാലാണ് മടങ്ങിയതെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

ഇതോടെ ക്ഷോഭിച്ച മജിസ്‌ട്രേറ്റ്, മന്ത്രിയല്ല ആരായാലും കോടതിക്കു മുന്നില്‍ എല്ലാവരും പൗരന്മരാണെന്നും അഞ്ചു മണിക്കു മുന്‍പ് ഹാജരായില്ലങ്കില്‍ മന്ത്രിയുടെ ജാമ്യം റദ്ദാക്കുമെന്നും മുന്നറയിപ്പു നല്‍കി.

By Divya