Wed. Nov 6th, 2024
തിരുവനന്തപുരം:

സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും അംഗീകരിച്ച സാധ്യത പട്ടിക പരിശോധിക്കാന്‍ സിപിഐഎമ്മിന്റെ ജില്ല സെക്രട്ടേറിയറ്റുകള്‍ ഇന്ന് ചേരും. രണ്ടു ടേമില്‍ കൂടുതല്‍ തുടര്‍ച്ചയായി വിജയിച്ചവരെ മുഖം നോക്കാതെ ഒഴിവാക്കിയതിനെതിരെ യോഗങ്ങളില്‍ പ്രതികരണങ്ങള്‍ ഉണ്ടായേക്കാം. പത്താം തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വലിയ പരിഗണന നല്‍കുന്നതാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയെങ്കിലും ആശങ്കകളും കുറവല്ല. അമ്പലപ്പുഴ, ആലപ്പുഴ, പൊന്നാനി, അരൂര്‍, അരുവിക്കര, ഷൊര്‍ണൂര്‍, ഗുരുവായൂര്‍ തുടങ്ങി പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ട്. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദുവിനെ ഇരിങ്ങാലക്കുട മണ്ഡലത്തിലും എ കെ ബാലന്റെ ഭാര്യ ഡോ പി കെ ജമീലയെ തരൂരും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിലും പ്രതിഷേധം ഉയരും.

കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് സിപിഐഎം കൈമാറിയ സീറ്റുകള്‍ സംബന്ധിച്ചും വ്യത്യസ്ത അഭിപ്രായമുണ്ട്. രണ്ടു ടേം എന്ന നിബന്ധന മാത്രമാകരുത് സ്ഥാനാര്‍ത്ഥിത്വത്തിന് അടിസ്ഥാനമെന്ന് സംസ്ഥാന സമിതിയില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. എങ്കിലും കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ച നിബന്ധന കര്‍ശനമായി പാലിക്കാന്‍ ആയിരുന്നു സംസ്ഥാന സമിതി തീരുമാനം. പ്രാദേശിക ഘടകങ്ങളില്‍ വലിയ എതിര്‍പ്പ് ഉണ്ടായാല്‍ ഇപ്പോഴത്തെ തീരുമാനം പുനഃപരിശോധിക്കാനാണ് സാധ്യത.

തുടര്‍ഭരണം ലക്ഷ്യമിടുന്ന സിപിഐഎം പ്രാദേശിക നേതൃത്വങ്ങളെ അവഗണിച്ച് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ഇടയില്ല. ജില്ലാ മണ്ഡലം കമ്മിറ്റികളിലെ ചര്‍ച്ചയ്ക്കുശേഷം സ്ഥാനാര്‍ത്ഥിപട്ടിക സംസ്ഥാന നേതൃത്വം വീണ്ടും പരിശോധിക്കും. എട്ടാം തീയതി സംസ്ഥാന സെക്രട്ടേറിയറ്റും ഒമ്പതിന് സംസ്ഥാന സമിതിയും വീണ്ടും ചേരും. അതിനുശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

By Divya