മനാമ:
ഒഐസിക്ക് കീഴിലുള്ള വനിത ഡെവലപ്മെൻറ് ഓര്ഗനൈസേഷന് ഭരണഘടനയില്‍ ബഹ്റൈന്‍ ഒപ്പുവെച്ചു. സൗദിയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഹമൂദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയാണ് ഇതില്‍ ഒപ്പിട്ടത്. ഒഐസി സെക്രട്ടറി ജനറല്‍ ഡോ യൂസുഫ് ബിന്‍ അഹ്മദ് അല്‍ ഉഥൈമീൻറെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ബഹ്റൈനിലെ വനിതകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ കാഴ്ചപ്പാടുകളും പിന്തുണയും ഏറെ സഹായകമായിട്ടുണ്ടെന്ന് ശൈഖ് ഹമൂദ് വ്യക്തമാക്കി. എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്കുന്നതില് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ പങ്കും നിർണായകമാണ്.
വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് ഉയരാനും വളരാനുമുള്ള അവസരം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വളര്‍ച്ചയും വികാസവും ലക്ഷ്യമിട്ട് ഒഐസി തയാറാക്കിയ അവകാശ പത്രിക അംഗ രാജ്യങ്ങളിലെ വനിതകളുടെ പുരോഗതിക്ക് ആധാരമായി വര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര വേദികളുമായി സഹകരിച്ച് വനിതകളുടെ ശാക്തീകരണം ഉറപ്പാക്കുന്നതിനുള്ള ബഹ്റൈൻറെ ശ്രമങ്ങള്‍ നേരത്തേ തന്നെ തുടങ്ങിയതാണ്.