കൊല്ലം:
ഡൽഹി കർഷകസമരത്തിൻറെ പശ്ചാത്തലത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കിസാൻ മഹാപഞ്ചായത്ത് കേരളത്തിൽ ആദ്യമായി കുട്ടനാട്ടിൽ നടത്തുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യൻ കോഓഡിനേറ്റർ പിടി ജോൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
15ന് രാമങ്കരിയിൽ നടക്കുന്ന മഹാപഞ്ചായത്തിൽ പഞ്ചാബിൽ നിന്നുള്ള കർഷകനേതാവ് ബൽബീർ സിങ് രജോവാൾ, എൻഎപിഎം നേതാവ് മേധ പട്കർ എന്നിവർ പങ്കെടുക്കും.
രാജ്യത്തെമ്പാടും ബിജെപിക്കെതിരെയുള്ള പ്രതിഷേധത്തിൻറെ ഭാഗമായി തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമുൾപ്പെടെ സംസ്ഥാനങ്ങളിൽ കർഷകസംഘടനകൾ പ്രചാരണം ശക്തമാക്കും. കഴിഞ്ഞതവണ ബിജെപി ജയിച്ച തിരുവനന്തപുരം നേമം മണ്ഡലത്തിൽ പ്രതിഷേധ പ്രചാരണ കൺവെൻഷൻ മാർച്ച് 20ന് മഹാസംഘ് ദേശീയ കൺവീനർ ജഗജിത് സിങ് ദല്ലേവാൾ ഉദ്ഘാടനം ചെയ്യും.