കണ്ണൂര്‍:
കുന്ന് കയറി കുടിവെള്ളമെത്തിക്കാന്‍ കഷ്ടപ്പെടുന്ന അമ്മയുടെ വേദന കണ്ട് മക്കള്‍ കിണര്‍ കുഴിച്ച് അമ്മയുടെ കഷ്ടപ്പാടിന് അറുതി വരുത്തി. ഒൻപതാം ക്ലാസ്സുകാരൻ കണ്ണനും (മിഥുനും) അനുജൻ രണ്ടാംക്ലാസ്സുകാരൻ ഉണ്ണിയും (മൃദുലും) ആണ് കിണര്‍ കുഴിക്കാന്‍ മുന്നിട്ടിറങ്ങിയത്.
കണ്ണൂര്‍ പെരിയയില്‍ കരക്കക്കുണ്ടിലെ കുന്നിൻ ചെരുവിൽ താമസിക്കുന്ന വസന്തയുടെ കുടുംബം കുന്ന് കയറി ദൂരെയുള്ള വീട്ടിൽനിന്നാണ് കുടിവെള്ളം എത്തിച്ചിരുന്നത്. സ്വന്തമായി കിണർ ഇല്ലാത്തതിനാൽ വർഷങ്ങളായി ഇതായിരുന്നു പതിവ്. ഇതിന് ഒരു പരിഹാരമായാണ് ഈ കുട്ടികള്‍ അമ്മയ്ക്ക് വേണ്ടി കിണര്‍ കുഴിച്ചത്.
കുന്നിൻ ചെരുവിൽ ഏറ്റവും അടിഭാഗത്തായി മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്ന ചാലിനടുത്ത് അവർ കിണറിന് സ്ഥലം കണ്ടെത്തി. ഓൺലൈൻ പഠനത്തിന് ശേഷമാണ് ഇരുവരും കിണർ കുഴിക്കാൻ സമയം കണ്ടെത്തിയത്. കുട്ടിക്കളിയല്ല കുട്ടികളുടേതെന്ന് മനസ്സിലായപ്പോൾ അച്ഛൻ മുരളിയും അമ്മ വസന്തയും സഹായത്തിനെത്തി. രണ്ടാഴ്ചത്തെ പ്രയത്നത്തിനൊടുവിൽ കഴിഞ്ഞദിവസം കിണറിൽ ആദ്യ നീരുറവ തെളിഞ്ഞു. എട്ട് കോൽ ആഴമുള്ള കിണറ്റിൽ ഇപ്പോൾ ആവശ്യത്തിന് വെള്ളമുണ്ട്.
https://www.youtube.com/watch?v=mXTorzBQ9gE