ദോഹ:
ഖത്തർ റെഡ്ക്രസൻറിെൻറ ലിറ്റിൽ ഹാർട്സ് പദ്ധതിക്ക് കീഴിൽ ഇന്തോനേഷ്യയിൽ 15 കുട്ടികൾക്ക് ചികിത്സ നൽകിയതായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി (ക്യുആർസിഎസ്) അറിയിച്ചു. ഇന്തോനേഷ്യൻ റെഡ്ക്രോസ് സൊസൈറ്റി, ഇന്തോനേഷ്യൻ പൊതുജനാരോഗ്യ മന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് ക്യു ആർ സി എസ് ലിറ്റിൽ ഹാർട്ട്സ് പദ്ധതി നടപ്പാക്കുന്നത്. 106560 ഡോളർ ചെലവിൽ നടപ്പാക്കുന്ന ലിറ്റിൽ ഹാർട്ട്സ് പദ്ധതിയിൽ 40 കുട്ടികൾക്കാണ് ചികിത്സ നൽകുന്നത്.
വെൻട്രികുലാർ സെപ്റ്റൽ ഡിഫക്ട്സ്, പേറ്റൻറ് ഡക്റ്റ്സ് അർട്ടറിയോസസ് തുടങ്ങി ഗുരുതര രോഗമുള്ള കുട്ടികൾക്കുള്ള ചികിത്സയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജകാർത്തയിലെ ഹർപൻ കിതാ ദേശീയ കാർഡിയാക് കേന്ദ്രത്തിലാണ് ചികിത്സ. ഒരുമാസം മുതൽ എട്ട് വയസ്സ് വരെയുള്ള 15 കുട്ടികൾക്ക് ശസ്ത്രക്രിയയടക്കമുള്ള ചികിത്സകൾ നൽകിയിട്ടുണ്ട്.
പീഡിയാട്രിക് കാർഡിയോളജി, ഡയഗ്നോസ്റ്റിക് നോൺ-ഇൻവാസിവ് കാർഡിയോളജി, അനസ്തേഷ്യ എന്നീ മൂന്നു വിഭാഗങ്ങളിൽനിന്നായി വിദഗ്ധരായ ഡോക്ടർമാരും നഴ്സുമാരുമടക്കം 16 പേരാണ് പദ്ധതിയിൽ ഭാഗമായിരിക്കുന്നത്.