ഖത്തര്‍:
ഖത്തറില്‍ അമ്പത് വയസ്സ് മുതലുള്ളവര്‍ക്കും ഇനി കൊവിഡ് വാക്സിന്‍ ലഭിക്കും. ആരോഗ്യമന്ത്രാലയമാണ് 60 വയസ്സോ അതിന് മുകളിലോയെന്ന പ്രായപരിധി അമ്പതാക്കി കുറച്ചത്. കൊവിഡ് കുത്തിവെപ്പ് കാമ്പയിന്‍ കൂടുതല്‍ വിപുലമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി.
ഫൈസര്‍ കമ്പനിക്ക് പുറമെ മൊഡേണ കമ്പനിയുടെ വാക്സിന്‍ കൂടി രാജ്യത്ത് എത്തിത്തുടങ്ങിയതോടെയാണ് കാമ്പയിന്‍ വിപുലമാക്കുന്നതെന്ന് ദേശീയ ആരോഗ്യനയരൂപീകരണ സമിതി അധ്യക്ഷന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു. അമ്പത് വയസ്സിന് മുകളിലുള്ളവര്‍, ഏത് പ്രായത്തിലുമുള്ള ഹൃദ്രോഗികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സ്കൂളിലെ അധ്യാപക അനധ്യാപകര്‍ എന്നിവര്‍ക്കാണ് നിലവില്‍ കുത്തിവെപ്പിന് യോഗ്യതയുള്ളവര്‍.
ഇത്രയും വിഭാഗക്കാര്ക്ക് അവരവരുടെ താമസമേഖലയിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ നിന്നും ഫോണ്‍ കോള്‍ വഴിയോ എസ്എംഎസ് വഴിയോ നേരിട്ട് അപ്പോയിന്‍മെന്‍റ് ലഭിക്കും. കൂടാതെ ഇത്രയും വിഭാഗക്കാര്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്‍റെ കോവിഡ്-19 വെബ്സൈറ്റ് വഴി അപ്പോയിന്‍മെന്‍റിനായി രജിസ്റ്റര്‍ ചെയ്യാനും അവസരമുണ്ട്.
അതെ സമയം യോഗ്യതയുള്ള വിഭാഗങ്ങളില്‍ പെടാത്തവര്‍ക്ക് നേരിട്ടെത്തിയ ക്യൂവില്‍ നിന്ന് വാക്സിന്‍ എടുക്കാനുള്ള സംവിധാനം ക്യൂഎന്‍സിസിയില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ യോഗ്യത ലഭിക്കുന്നത് വരെ കാത്തിരിക്കലാണ് ഉചിതമെന്നും ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു.