മനാമ:
നിർദിഷ്ട ബഹ്റൈൻ മെട്രോ പദ്ധതി നിക്ഷേപകർക്ക് പരിചയപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയിലെ നിക്ഷേപകരുടെ ‘ബഹ്റൈൻ മെട്രോ മാർക്കറ്റ് കൺസൽട്ടേഷൻ’ എന്ന ആഗോള വെർച്വൽ സംഗമം നടത്തി. ഗതാഗത, വാർത്താവിനിമയ മന്തമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഇക്കണോമിക് വിഷൻ 2030ന്റെ ഭാഗമായി ആധുനിക നഗര ഗതാഗത സംവിധാനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബഹ്റൈൻ മെട്രോ പദ്ധതി വിഭാവനം ചെയ്യുന്നത്. നിക്ഷേപകസംഗമത്തിൽ മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടം നിക്ഷേപകർക്ക് പരിചയപ്പെടുത്തി.
100ലധികം കമ്പനികളെ പ്രതിനിധാനംചെയ്ത് 300ഓളം പേർ സംഗമത്തിൽ പങ്കെടുത്തു. ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമൊരുക്കി നിക്ഷേപ മേഖലയിൽ ബഹ്റൈന്റെ സ്ഥാനം കൂടുതൽ ശശക്തമാക്കുന്ന സ്വപ്നപദ്ധതിയാണ് ബഹ്റൈൻ മെട്രോ എന്ന് യോഗത്തിൽ സംസാരിച്ച ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു. ബഹ്റൈനിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെ കോർത്തിണക്കുന്ന മെട്രോ പദ്ധതി ഗതാഗതരംഗത്ത് മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി മികച്ച രീതിയിൽ പൂർത്തിയാക്കുന്നതിന് സ്വകാര്യ മേഖലയുടെ സഹകരണവും തേടുകയാണെന്ന് ഗതാഗത, വാർത്താ വിനിമയ മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റം ഉറപ്പുവരുത്താൻ ഉപരിതല, വ്യോമ, സമുദ്ര ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.