Wed. Nov 6th, 2024
കൊല്‍ക്കത്ത:

ബിജെപിയെ ഏതുവിധേനയും തടയുകയാണ് ലക്ഷ്യം. അതിനായി മമത ബാനര്‍ജിയെ എല്ലാവിധത്തിലും സഹായിക്കുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. കാളിഘട്ടില്‍ മമതയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമതയെ ബാനര്‍ജിയോടൊപ്പം നില്‍ക്കാന്‍ തന്നെയാണ് തീരുമാനം. എന്ത് വില കൊടുത്തും ബിജെപിയുടെ മുന്നേറ്റത്തെ തടയുകയാണ് ലക്ഷ്യം. രാജ്യം നശിപ്പിക്കുന്നവരില്‍ നിന്ന് ഈ രാജ്യത്തെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇത് ബംഗാളിന്റെ കാര്യമല്ല. രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണിത്, തേജസ്വി പറഞ്ഞു.

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രിസിനൊപ്പം മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് കാളിഘട്ടില്‍ വെച്ച് ആര്‍ജെഡി നേതാവ് തേജ്വസി യാദവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

ബീഹാറി വോട്ടര്‍മാരുള്ള ഹൗറ, വെസ്റ്റ് ബര്‍ധൗന്‍, കൊല്‍ക്കത്തയിലെ ചില മണ്ഡലങ്ങള്‍ എന്നിവിടങ്ങളാണ് ആര്‍ജെഡി ലക്ഷ്യമിടുന്നത്. തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന പ്രശാന്ത് കിഷോര്‍ ഞായറാഴ്ച ആര്‍ജെഡി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ സമാജ് വാദി പാര്‍ട്ടിയും മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

By Divya