കുവൈറ്റ് സിറ്റി:
കുവൈറ്റിൽ വിദേശത്തുനിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽനിന്ന് നാല് വിഭാഗങ്ങളെ കൂടി ഒഴിവാക്കാൻ ആരോഗ്യ അധികൃതർക്ക് മുന്നിൽ ശുപാർശ. ഈ വിഭാഗങ്ങളിൽപെടുന്നവർ പിസിആർ പരിശോധന നടത്തി കൊവിഡ് മുക്ത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും.
രണ്ടാഴ്ചത്തെ ഹോം ക്വാറൻറീൻ അനുഷ്ഠിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കി. സ്വന്തം ചെലവിൽ ചികിത്സക്കായി വിദേശത്ത് പോയ കുവൈത്തികൾ (ചികിത്സ നടത്തിയ രാജ്യത്തെ ആരോഗ്യവിഭാഗം നൽകിയ സർട്ടിഫിക്കറ്റ് സഹിതം തിരിച്ചുവന്നാൽ), 60 വയസ്സിന് മുകളിലുള്ള ആരോഗ്യപരമായ ബുദ്ധിമുട്ട് നേരിടുന്ന പരസഹായം ആവശ്യമുള്ളവർ, ഭിന്നശേഷിക്കാർ, പ്രത്യേക പരിചരണം ആവശ്യമുള്ളവരുടെ സഹായി എന്നിവർക്ക് ഇളവ് നൽകണമെന്ന ശുപാർശയാണ് അധികൃതർക്ക് മുന്നിലുള്ളത്.
വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച കൊറോണ കമ്മിറ്റി കുവൈത്ത് വിമാനത്താവളത്തിലെത്തിയ കൊവിഡ് കേസുകൾ വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.