ചെന്നൈ:
ഐപിഎല്‍ പതിനാലാം സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപ് ഈമാസം 11ന് തുടങ്ങും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങളുമായാണ് ക്യാംപ് ആരംഭിക്കുക. ആദ്യ ദിവസം മുതല്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ടീമിനൊപ്പം ഉണ്ടാകും.
കഴിഞ്ഞ സീസണിലെ ഒട്ടുമിക്ക താരങ്ങളേയും നിലനിര്‍ത്തിയ സിഎസ്‌കെ റോബിന്‍ ഉത്തപ്പ, മോയീന്‍ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വര്‍ പുജാര തുടങ്ങിയവരെ ടീമിലെത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം കഴിഞ്ഞ സീസണില്‍ ടീം വിട്ടുപോയ സുരേഷ് റെയ്‌നയും തിരിച്ചെത്തിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിക്കുന്ന ഉത്തപ്പ തകര്‍പ്പന്‍ ഫോമിലാണെന്നുള്ളതാണ് ചെന്നൈയുടെ ഒരാശ്വാസം.
എന്നാല്‍ വേദികളുടെ കാര്യത്തിലുള്ള തര്‍ക്കം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇക്കാര്യം ടീമുകള്‍ ബിസിസിഐയെ രേഖാമൂലം അറിയിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഐപിഎല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ ആറ് നഗരങ്ങളില്‍ നടത്താനാണ് ബിസിസിഐയുടെ ആലോചന.