പാരിസ്:
അഴിമതി, അധികാര ദുർവിനിയോഗ കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ ഫ്രഞ്ച് പ്രസിഡൻറ് നികളസ് സർകോസിക്ക് ഒരു വർഷം ജയിൽ തടവും രണ്ടു വർഷത്തേക്ക് നല്ല നടപ്പ് ശിക്ഷയും. ഇപ്പോൾ 66 വയസ്സുള്ള സർകോസി 2007 മുതൽ 2012 വരെയാണ് ഫ്രാൻസിെൻറ പ്രസിഡൻറ് പദവിയിലിരുന്നത്. ഇദ്ദേഹം ആരോപിതനായ കേസിൻ്റെ നിയമ നടപടിയെക്കുറിച്ചുള്ള വിവരം മുതിർന്ന മജിസ്ട്രേറ്റിൽനിന്നും നേടിയെടുക്കാൻ 2014ൽ ശ്രമിെച്ചന്നതാണ് കേസ്.
ആധുനിക ഫ്രാൻസിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മുൻ പ്രസിഡൻറ് അഴിമതിക്കേസിൽ വിചാരണയും ശിക്ഷയും അനുഭവിക്കുന്നത്. ഇലക്ട്രോണിക് ബ്രേസ്ലറ്റ് ധരിച്ച് വീട്ടിൽ തടവ് ശിക്ഷ അനുഭവിക്കുന്നതിനുള്ള അപേക്ഷ സർകോസിക്ക് സമർപിക്കാവുന്നതാണെന്നും ശിക്ഷ വിധിച്ച പാരിസ് കോടതി അറിയിച്ചു. 2012ലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ അനധികൃതമായി ധന സമാഹരണം നടത്തിയെന്ന കുറ്റത്തിന് മറ്റ് 13 പേർക്കൊപ്പം സർകോസി ഈ മാസാവസാനം മറ്റൊരു വിചാരണ നേരിടാനിരിക്കുകയാണ്.