Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ദിവസം മുൻ എംപി പികെ ബിജു ഉൾപ്പെടെ ആറു പേരെ സാങ്കേതിക സർവകലാശാലാ സിൻ‍ഡിക്കറ്റിലേക്കു നാമനിർദേശം ചെയ്യാന്‍ സര്‍ക്കാരിന്‍റെ വിവാദ തീരുമാനം. ഡയറക്ടര്‍മാരായി ഇടത് അനുഭാവികളെ തിരുകികയറ്റാനാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ദിവസം തന്നെ പുതിയ  സിൻഡിക്കറ്റ് അംഗങ്ങളെ നിയമിച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്.

സർവകലാശാലാ ഭരണം നിയന്ത്രിക്കാനും ഇടത് അനുഭാവികള്‍ക്ക് മാത്രം  നിയമനം നൽകുന്നതിനുമാണു പെരുമാറ്റച്ചട്ടം നിലവിൽ വന്ന തീയതി വച്ച്  ആറ്പേരെ സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്രിലേക്ക് നിയമിച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്.

മുന്‍ എംപി പികെ ബിജു, ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി ഐ സജു,ഡോബിഎസ് ജമുന,എസ് വിനോദ്മോഹൻ,ഡോ വിനോദ് കുമാർ ജേക്കബ്, ജി സഞ്ജീവ് എന്നിവരെയാണു സിൻഡിക്കറ്റിലേക്കു നാമനിർദേശം ചെയ്തത്. ഇടത് അനുഭാവം ഉള്ളവരാണ് എല്ലാവരും.നാല് വർഷമാണ് നിയമന കാലാവധി.

സാങ്കേതിക സർവകലാശാലയിൽ ‍ഡയറക്ടർമാരുടെ ഒഴിവിലേക്കു  നിയമനം നടത്താൻ രണ്ടു ദിവസം മുൻപു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ തസ്തികകളിലേക്കു വേണ്ടപ്പെട്ടവരെ നിയമിക്കുന്നതിനാണ് ആറു പേരെ കൂടി ഉൾപ്പെടുത്തി സിൻഡിക്കറ്റ് തിടുക്കത്തില്‍ വിപുലമാക്കിയതെന്നാണ് ആക്ഷേപം.

നിലവിൽ അക്കാദമിക് വിദഗ്ധരും ഔദ്യോഗിക അംഗങ്ങളും മാത്രമാണു സിൻഡിക്കറ്റിൽ ഉള്ളത്.ഇവരെ വച്ചു രാഷ്ട്രീയാടിസ്ഥാനത്തിൽ നിയമനം നടത്താൻ പരിമിതിയുണ്ട്.ഈ സാഹചര്യത്തിലാണ് ഓർഡിനൻസിലൂടെ നിയമം ഭേദഗതി ചെയ്ത് എൽഡിഎഫിനു താൽപര്യമുള്ളവരെ നാമനിർദേശം ചെയ്തതെന്നാണ് ആരോപണം.

പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം സിൻഡിക്കറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ചീഫ് ഇലക്ടറൽ ഓഫിസർക്കു സേവ് യൂണിവേഴ്സിറ്റി സമിതിപരാതി നൽകി.

By Divya