Fri. Mar 29th, 2024
ചെന്നൈ:

കന്യാകുമാരിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടലില്‍ പോകുന്നത് വിലക്കി ജില്ലാ ഭരണകൂടം. കന്യാകുമാരിയിലെ തേങ്ങാപട്ടണത്താണ് സംഭവം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മൂന്ന് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസമായ മാര്‍ച്ച് ഒന്നിന് കന്യാകുമാരിയില്‍ എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. സന്ദര്‍ശനത്തിന്റെ ഭാഗമായി തേങ്ങാപട്ടണത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ കടലിലേക്ക് പോകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

എന്നാല്‍ ജില്ലാ ഭരണകൂടം ഇത് തടയുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് വിലക്കെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. നേരത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊല്ലം വാടി കടപ്പുറത്ത് എത്തിയ രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയിരുന്നു.

തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ കടലിലേക്ക് എടുത്തുചാടിയതും വാര്‍ത്തയായിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി നേരത്ത തമിഴ്‌നാട്ടിലെ മുളഗുമൂട് സ്‌കൂളിലും രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം രാഹുല്‍ നടത്തിയ പുഷ് അപ് ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

By Divya