ദോഹ:
ഖത്തറിൽനിന്ന് അബൂംസറ അതിർത്തി വഴി സൗദിയിലേക്ക് പോകുന്ന്ന എല്ലാവരും സൗദി കസ്റ്റംസിൻ്റെ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കണം. ഖത്തർ വിദേശകാര്യമന്ത്രാലയത്തിൻ്റെ കോൺസുലാർ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
കസ്റ്റംസ് ഡ്യൂട്ടി അടക്കുന്നതടക്കമുള്ളവ പാലിക്കണം. വിലപിടിപ്പുള്ള വസ്തുക്കൾക്ക് ഈടാക്കിയേക്കാവുന്ന മൂല്യവർദ്ധിത നികുതിയും അടക്കേണ്ടി വരും.
ഇവ പാലിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും. സൗദിയുമായുള്ള ഖത്തറിൻ്റെ അതിർത്തിയും ഖത്തറിൻ്റെ ഏക കര അതിർത്തിയുമാണ് അബൂസംറ. അബൂസംറ അതിർത്തി വഴിയുള്ള വാണിജ്യചരക്കുഗതാഗതം ഫെബ്രുവരി 14 മുതൽ ആരംഭിച്ചിരുന്നു.
വ്യാപാരബന്ധം പൂർവസ്ഥിതിയിലാകുന്നതോടെ ഇരുരാജ്യങ്ങളിലെയും വ്യാപാര മേഖല വൻ പ്രതീക്ഷയിലാണ്.നയതന്ത്രവും വ്യാപാരബന്ധവും ഊഷ്മളമാകുന്നത് ഇരു രാജ്യങ്ങൾക്കും നേട്ടമാകും.